
ആലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും ആറാട്ടുപുഴയിലും ശക്തമായ കടൽ കയറ്റം. കഴിഞ്ഞ രണ്ടു ദിവസമായി വേലിയേറ്റത്തെ തുടർന്ന് മീറ്ററുകളോളം തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നർബോന, പറവൂർ ഗലീലിയ, വാടക്കൽ അറപ്പപൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം ശക്തമായ കടലേറ്റം തീരം കവർന്നു. പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉള്‍പ്പെടെയുള്ള മരങ്ങൾ നിലംപൊത്തി. കരയ്ക്കിരുന്ന ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും മത്സ്യ തൊഴിലാളികൾ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. വാടക്കൽ അറപ്പ പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാർഡ് നർബോന കുരിശടിക്കു സമീപവുമാണ് കൂടുതൽ മരങ്ങൾ നിലംപൊത്തിയത്. ഈ ഭാഗങ്ങളിൽ കിലോമീറ്ററുകളോളം കടൽ ഭിത്തിയില്ലാത്തത്, കരയിലേറ്റം രൂക്ഷമാകുന്നതിന് കാരണമായി. വിയാനി ഭാഗത്ത് തീരദേശ റോഡു വരെ കടലേറ്റമുണ്ടായി. കടൽക്ഷോഭം ഭയന്ന് മൽസ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം മൂലം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടൽകയറ്റത്തിനു കാരണമെന്നാണ്, മുതിർന്ന മത്സ്യതൊഴിലാളികൾ പറയുന്നത്. ആറാട്ടുപുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ കടലേറ്റമുണ്ടായിരുന്നു. പെരുമ്പളളി ജങ്ഷനു വടക്കുഭാഗത്താണ് കടൽവെള്ളം കരയിലേക്ക് അടിച്ചുകയറിയത്. ഉച്ചയ്ക്കുശേഷം വേലിയേറ്റ സമയത്താണ് തിരമാലയക്ക് ശക്തികൂടുന്നത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ടൊഴുകി. റോഡിൽ വെളളവും മണലും നിറഞ്ഞൊഴുകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. റോഡിനു പടിഞ്ഞാറും കിഴക്കുമായി ഒട്ടേറെ വീടുകളുടെ പരിസരവും വെളളത്തിൽ മുങ്ങി. വീടുകളുടെ ചുറ്റിലും വെളളം കെട്ടിനിൽക്കുന്നതിനാൽ ഇവിടങ്ങളിലെ താമസക്കാരും കടുത്ത ദുരിതത്തിലായി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക