Tuesday, 15 April 2025

അമ്മയും രണ്ടു മക്കളും പുഴയില്‍ ചാടി മരിച്ചു

SHARE



കോട്ടയം:  മീനച്ചിലാറ്റിലെ ഏറ്റുമാനൂർ പള്ളിക്കുന്ന് പള്ളിക്കടവില്‍ യുവതി രണ്ടു കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ  അഡ്വ. ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5) , പൊന്നു (2) എന്നിവരാണ് മരിച്ചത്.  സംഭവം കണ്ട നാട്ടുകാര്‍ ഇവരെ കരയ്ക്ക് എത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിലേയ്ക്ക് നയിച്ചത് എന്നാണ് സൂചന.  ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പില്‍ ആറുമാനൂര്‍ ഭാഗത്ത് നിന്നും നാട്ടുകാര്‍ തന്നെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കര്‍ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷിച്ച്വരുന്നു. ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധി ആളുകള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി. സംഭവം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലായതിനാല്‍ ഇരു പൊലീസ് സ്റ്റേഷനുകളില്‍ നിന്നുമുള്ള പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user