Sunday, 6 April 2025

മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു - മാര്‍ കല്ലറങ്ങാട്ട്

SHARE




മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 
ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം മാറിയിരിക്കുന്നു. ഓരോ പോലീസ് സ്റ്റേഷനിലും പൊതുസമൂഹത്തിന്റെ സഹായത്തോടെ ജനകീയ സമിതികള്‍ ലഹരിക്കെതിരെ രൂപീകരിക്കണം. പുരോഗതിയും വിദ്യാഭ്യാസവും സുഖസൗകര്യവും നാട്ടില്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ അവര്‍ അത്രയ്ക്കും വളരേണ്ട എന്നവിധമാണ് സാമൂഹ്യവിപത്തുകള്‍ പിടിമുറുക്കിയത്. ഭാവിയുടെ വാഗ്ദാനങ്ങളായ യുവജനങ്ങളെ വിഴുങ്ങുന്ന വലിയൊരു വിപത്താണ് മയക്കുമരുന്നെന്നും ബിഷപ് സൂചിപ്പിച്ചു. 
കുത്തഴിഞ്ഞ വ്യവസ്ഥിതിയിലേക്ക്, രക്ഷപെടാന്‍ പ്രയാസമുള്ള ജീവിതശൈലിയിലേക്ക് കുട്ടികളെയും യുവജനങ്ങളെയും തള്ളിവിടുന്ന ഒരു വിപത്തായി മാറിയ മയക്കുമരുന്നിന്റെ വിവിധ രൂപങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തനനിരതമാണ്. അധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്നുണ്ടാക്കുന്ന, വിപണനം ചെയ്യുന്ന രീതി ചില വിദേശരാജ്യങ്ങളില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. അവിടുത്തെ ജനങ്ങളും ഈ ദുസ്ഥിതിയുടെ ഇരകളാണ്. മദ്യത്തിനും മയക്കുമരുന്നിനും പരസ്യമില്ലാതെ ഉപഭോക്താക്കള്‍ എത്തുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പരസ്യം വേണ്ടാത്ത ഏക കാര്യമാണ് മദ്യവും മയക്കുമരുന്നും. സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണ്. മാധ്യമങ്ങള്‍ ലഹരിക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുവെന്നത് പൊതുസമൂഹത്തിന് ആശ്വാസകരമാണ്. മദ്യമില്ലെങ്കില്‍ മയക്കുമരുന്ന് വ്യാപിക്കുമെന്നതായിരുന്നു സര്‍ക്കാരിന്റെ പ്രചരണം. ഇപ്പോള്‍ മദ്യവും മയക്കുമരുന്നും റിക്കാര്‍ഡ് വേഗത്തില്‍ വ്യാപകമായി. മദ്യത്തിന്റെ പങ്ക് ഒഴിവാക്കി മയക്കുമരുന്ന് വ്യാപാരത്തെ മാത്രം നിയന്ത്രിക്കാം, ശിക്ഷിക്കാം എന്നത് വിജയിക്കുമോ എന്നത് സംശയമാണ്.
നമുക്ക് വലിയ പ്രയാസങ്ങളും പ്രതിസന്ധികളുമുള്ള ഒരു കാലഘട്ടമാണിത്. സഭയുടെ വിശ്വാസവും സമുദായത്തിന്റെ ശക്തിയും ചോര്‍ന്നു പോകുമ്പോള്‍ നമ്മുടേതുപോലുള്ള രൂപതകളില്‍ നിന്ന് സമുദായത്തിന് ശക്തി പകരാനും നമുക്ക് ഒന്നിച്ചുനില്‍ക്കാനും സാധിക്കണം. നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം വഖഫ് 2025 ബില്ല് കഴിഞ്ഞ രാത്രിയില്‍ പ്രസിഡന്റ് ഒപ്പുവച്ച് നിയമമായി. മാസങ്ങള്‍ നീണ്ട പഠനങ്ങളും ലോകസഭയിലെയും രാജ്യസഭയിലെയും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളും വാഗ്വാദങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും ജനപ്രതിനിധികളോടും ഉള്‍പ്പെടെയുള്ള ആലോചനയില്‍ നിന്നും വന്ന കാര്യങ്ങളാണിതെല്ലാം. ജനാധിപത്യത്തിന്റെ ശ്രീകോവിലിലും പുറത്തും നടന്ന ചര്‍ച്ചകള്‍ ചില ജനപ്രതിനിധികളുടെയും വിലയും, വിലയില്ലായ്മയും, അറിവും, അറിവില്ലായ്മയും വെളിപ്പെടുത്തുന്ന കാര്യങ്ങളായിരുന്നുവെന്ന് പറയാന്‍ നമ്മള്‍ പേടിക്കരുത്. കൊണ്ടുവരുന്ന മാറ്റങ്ങള്‍ വഖഫിന്റെ തന്നെ കാര്യക്ഷമതയോടുകൂടിയ പ്രവര്‍ത്തനങ്ങളിലേക്ക് തന്നെയാണ് പ്രധാനമായിട്ടും ഊന്നിനില്‍ക്കുന്നത്. ജനാധിപത്യ തത്വങ്ങള്‍ക്കും രാജ്യത്തിന്റെ നിയമത്തിനും വിരുദ്ധമായ നിലപാടുകള്‍ തിരുത്തുക എന്നുള്ളതായിരിക്കണം ഏവരുടെയും ഉള്ളിലുള്ള കാര്യം.   
ഇപ്പോള്‍ വളരെ പ്രായോഗികവും കാര്യക്ഷമവും കാലോചിതവുമായ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ അതിലൂടെ നമ്മള്‍ കണ്ടു. എനിക്കതിനെക്കുറിച്ച് പറയാനുള്ളത് ഇത് വഖഫ് ഒരു റിലീജിയസ് വിഷയം മാത്രമല്ല. നമ്മളെ സംബന്ധിച്ച് ഇതൊരു നാഷണല്‍, സോഷ്യല്‍ വിഷയമാണ്. ദേശീയവും സാമൂഹ്യ പ്രാധാന്യവുമുളള വിഷയമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗത്തിന്റെയും നിയമങ്ങളില്‍ അവ്യക്തതയുള്ളതിന്റെയും മറ നീക്കുവാനുള്ള ഒരു പരിശ്രമമായിരുന്നു. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രോത്സാഹിപ്പിച്ച് സംസാരിക്കുന്നില്ല. നമ്മുടെ കെ.സി.ബി.സി.യും സി.ബി.സി.ഐ.യും അവരുടെ ഒരു നിര്‍ദ്ദേശം കേരളത്തിലെ എം.പി.മാര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്ക് വിട്ടുനില്‍ക്കാമായിരുന്നു, വോട്ട് ചെയ്യാതിരിക്കാമായിരുന്നു, ഇന്റര്‍മീഡിയറ്റായിട്ടുള്ള സാധ്യതകള്‍ വല്ലതുമുണ്ടായിരുന്നുവോ എന്നുമന്വേഷിക്കാമായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയുടെ പ്രഖ്യാപിത സ്റ്റാന്റ് എടുക്കേണ്ടി വന്നു. നമ്മുടെ കമ്മ്യൂണിറ്റിയുടെ ഏതെങ്കിലും കാര്യങ്ങള്‍ വരുമ്പോള്‍ കഴിവില്ലാത്തവരെപ്പോലെ നമ്മള്‍ എപ്പോഴും നില്‍ക്കുകയാണ്. പരിമിതികള്‍ നമുക്കുണ്ട്. നമുക്കറിയാം. പക്ഷേ പൊതുരംഗത്ത് വരുമ്പോള്‍ രാഷ്ട്രീയ മുന്നണിയോടും രാഷ്ട്രീയ സംവിധാനങ്ങളോടുമുള്ള നമ്മുടെ കമിറ്റ്‌മെന്റ് മാത്രം പോരാ. നമ്മുടെ കമിറ്റ്‌മെന്റ് നമ്മുടെ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടുമാണ്. നാനാജാതി മതസ്ഥരോടാണ്. അവര്‍ക്ക് ഒബ്ജക്ഷന്‍ ഓഫ് കോണ്‍ഷ്യന്‍സ് എങ്കിലുമൊന്ന് പറയാമായിരുന്നു. മനസാക്ഷി എന്നത് മുകളില്‍ നിന്ന് മാത്രം ഇറങ്ങിവരുന്ന ഒരു കാര്യമല്ല. മൈനോരിറ്റികള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഭരണഘടനാ മാറ്റങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുവരണമെന്ന് ആരും പറയുന്നില്ല. പക്ഷേ ഈ രാജ്യത്തിലുളള ഇന്‍ജസ്റ്റീസിനെ നീക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അനീതിയും വര്‍ഗീയവല്‍ക്കരണവും നടക്കുമ്പോള്‍ അത് വളരെ വലിയ പ്രയാസത്തിലേക്ക് നമ്മെ നയിക്കുന്നു. ഈ അനീതി ഹൈന്ദവരെയും ക്രൈസ്തവരെയും എല്ലാം ബാധിച്ചിട്ടുണ്ടെന്നും ബിഷപ് സൂചിപ്പിച്ചു. ഒരു ജനതയെ ഇന്‍സെക്യൂരിറ്റിയിലേക്ക് തള്ളിവിടുകയാണ്. 
ഇതിനെ തര്‍ക്കവിഷയമായിട്ടെടുക്കുകയല്ല. ഇന്‍ഫ്‌ളുവന്‍ഷ്യലായ സമുദായമാണ് നമ്മുടേത്. അംഗബലം കുറവായിരിക്കും. സമുദായത്തിന്റെയും സഭയുടെയും രാജ്യത്തിന്റെയും കാര്യത്തില്‍ നമുക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. വോട്ടുവഴി പലരെയും ജയിപ്പിക്കാന്‍ സാധ്യമല്ലെങ്കിലും മൂല്യാധിഷ്ഠിത, ധാര്‍മ്മിക സ്വാധീനം വഴി പലരെയും തോല്‍പ്പിക്കാനും ഇപ്പോള്‍ നമുക്ക് കഴിയും. അതാണ് സഭയുടെ, സമുദായത്തിന്റെ കരുത്ത്. അവിടെയാണ് നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ടത്. സഭയുടെ, സമുദായത്തിന്റെ ശക്തി അതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അമിതമായ പ്രഘോഷണം നമ്മള്‍ ഒരിടത്തും നടത്തേണ്ടതില്ല. മുന്‍കാലങ്ങളില്‍ അധിനിവേശമെന്നത് യുദ്ധമുറ മുഖേനയായിരുന്നുവെങ്കില്‍ ഇന്ന് ജനാധിപത്യ രാജ്യത്ത് ജനദ്രോഹ നിയമങ്ങളുടെ രൂപത്തിലാണത് വരുന്നത്. വഖഫ് നിയമം മുസ്ലീംങ്ങളെയും എത്രയോ പേരെയത് വിപരീതമായി ബാധിക്കുന്നുണ്ട്. മുനമ്പത്തുപോലും നൂറുകണക്കിന് ആളുകളെയും രാജ്യമൊട്ടുക്കും ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് നാഷണല്‍ വിഷയമാണെന്ന്. പൗരാവകാശം എന്താണെന്ന് നാം തിരിച്ചറിയുകയും ഈ രാജ്യത്തിന്റെ ഭരണഘടനയുടെ മഹത്വമെന്താണെന്ന് നമ്മള്‍ മനസ്സിലാക്കുമ്പോഴുമാണ് നമുക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. മദ്യത്തിലൂടെയും മയക്കുമരുന്നുകളിലൂടെയും നമ്മള്‍ വളരെയേറെ ബലഹീനമായിപ്പോയി. 
നമ്മള്‍ അമ്പലത്തിന്റെ മുമ്പില്‍ പോയി നിന്നു, അതുകൊണ്ട് നമ്മളെ അവര്‍ തല്ലി എന്ന് പറയുന്നതില്‍ ഒരു ന്യായവും കാണുന്നില്ല. എത്രയോ ആളുകള്‍ പള്ളിയിലുമൊക്കെ കയറിയിറങ്ങുന്നുണ്ട്. അത് ചില കക്ഷികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍വേണ്ടി പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എവിടെയെങ്കിലും എത്തിച്ചേരാമെന്നും നമ്മള്‍ ചിന്തിക്കുന്നില്ലെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. 
രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് അരിമറ്റം, സാബു എബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
  


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user