ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലാണ് വിരമിച്ചത്.
ഐഎസ്ആർഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യസഭാംഗമായിരുന്നു. ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമായിരുന്നു. ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിച്ചു. 1982ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും 2000ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗൻ തയാറാക്കിയ റിപ്പോർട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഗാഡ്ഗിൽ റിപ്പോർട്ട് അടക്കമുള്ളവ വലിയ എതിർപ്പുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആവശ്യപ്രകാരമാണ് കസ്തൂരിരംഗൻ ഈ ദൗത്യത്തിലെത്തിയത്. കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള 5 സംസ്ഥാനങ്ങളിലെ മുഴുവൻ ആവാസവ്യവസ്ഥയും അതിന്റെ ആദിമശുദ്ധിയിൽ സംരക്ഷിക്കണമെന്നാണു ഗാഡ്‌ഗിൽ ശുപാർശ ചെയ്തത്. എന്നാൽ, റിപ്പോർട്ട് പ്രാവർത്തികമാക്കിയാൽ വൻതോതിൽ കൃഷി, വ്യവസായ ഒഴിപ്പിക്കലുകൾ വേണ്ടിവരുമെന്ന് ആശങ്ക ഉയർന്നു. കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നു. തുടർന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനയ്ക്ക് നിയോഗിച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക