
തൊടുപുഴ: നഗരമധ്യത്തിൽ തിരക്കേറിയ റോഡരികിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിനു സമീപം ചാക്കിൽ നിറച്ച മാലിന്യം തള്ളിയത്. എന്നാൽ നഗരമധ്യത്തിൽ മാലിന്യം തള്ളിയിട്ടും നഗരസഭ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. നഗരത്തിലെ പ്രമുഖ തിയറ്ററിൽനിന്നുള്ള മാലിന്യം ശേഖരിച്ചുകൊണ്ടുപോയ ആക്രിവ്യാപാരിയുടെ വാഹനത്തിൽനിന്ന് വീണ ചാക്കുകളാണിതെന്നാണ് നഗരസഭ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ മങ്ങാട്ടുകവലയിലുള്ള ആക്രി വ്യാപാരിയാണ് ഹരിതകർമസേന ശേഖരിക്കാത്ത അജൈവമാലിന്യങ്ങൾ ഇവിടെനിന്നു ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ മങ്ങാട്ടുകവലയിലുള്ള സ്ഥാപനത്തിൽ കൊണ്ടുവന്ന് തരംതിരിച്ച് കയറ്റി അയയ്ക്കുകയാണ് ചെയുന്നത്. തുടർന്ന് മാനേജർ നൽകിയ വിവരമനുസരിച്ച് ആക്രി വ്യാപാരിയെ ഓഫീസിൽ വിളിച്ചുവരുത്തുകയും നോട്ടീസ് നൽകി പതിനായിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ഇയാൾതന്നെ റോഡിൽ വീണ മാലിന്യങ്ങൾ നീക്കം ചെയ്തു. നഗരസഭാ പരിധിയിലെ മുതലക്കോടം റെസഡിഡന്റ്സ് അസോസിയേഷനിൽ മൂന്ന് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചതിന് കുമാരമംഗലം ഭാഗത്ത് ആക്രി വ്യാപാരം നടത്തുന്ന വ്യക്തിക്ക് നോട്ടീസ് നൽകി നിയമനടപടികൾ സ്വീകരിച്ചതായും നഗരസഭാ അധികൃതർ അറിയിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക