
പുൽപ്പള്ളി: താഴെയങ്ങാടി വേടങ്കോട്ട് കൃഷിയിടത്തിൽ കടുവയെ കണ്ടതായി വഴിയാത്രക്കാരനായ ഗോത്ര യുവാവ്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കടുവയെ കണ്ട് ഭയന്ന് യുവാവ് ഓടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പ്രദേശത്ത് നിരീക്ഷണത്തിനായി കാമറ സ്ഥാപിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ പറഞ്ഞു. ഇപ്പോൾ കടുവയെ കണ്ടതായി പറയുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഒരാഴ്ച മുന്‍പ് പ്രദേശവാസിയായ പ്രണവം ബാബു കടുവയെ കണ്ടത്. സ്പോർസ് കൗണ്‍സിലിന്റെ കീഴിലുള്ള ആർച്ചറി അക്കാദമിയുടേതടക്കം ഈ പ്രദേശത്ത് ഏക്കറുകണക്കിന് തോട്ടങ്ങൾ കാടുമൂടിക്കിടക്കുന്നുണ്ട്. കാട്ടുപന്നി, മാൻ തുടങ്ങിയ വന്യമൃഗങ്ങളും ഈ തോട്ടങ്ങളിൽ ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ കടുവ ഈ മേഖലയിൽ തന്പടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ മേഖലയിൽ തുടർച്ചയായി കടുവയെ നാട്ടുകാർ നേരിൽക്കണ്ട സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം ജോഷി ചാരുവേലിൽ പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക