പറവൂർ: ഡോക്ടറുടെ പേരിൽ വ്യാജ കുറിപ്പടി ഉണ്ടാക്കി "നൈട്രോസെപാം' ഗുളികകൾ വാങ്ങി വില്പന നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പറവൂർ മേലേടത്ത് നിക്സൻ(31), കക്കാട്ടുപറമ്പിൽ സനൂപ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പോലീസും ചേർന്നാണു പിടികൂടിയത്. പറവൂർ മേഖലയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന സൈക്യാട്രി ഡോക്ടറുടെ സീലും കുറിപ്പടിയുമാണ് ഇവർ വ്യാജമായി നിർമിച്ചത്. മാനസിക വിഭ്രാന്തിക്കു ഡോക്ടർമാർ നിർദേശിക്കുന്ന "നൈട്രോസെപാം' ഗുളിക ലഹരി മരുന്നായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽ നിന്നു ഈ ഗുളിക വാങ്ങാൻ കഴിയൂ. വ്യാജ കുറിപ്പടി ഉപയോഗിച്ച് ഇവർ ഇതു വാങ്ങി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്തിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ നിന്നാണു ഗുളികകൾ കൂടുതലായും വാങ്ങിയിരുന്നത്. മെഡിക്കൽ ഷോപ്പുകളിൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഗുളിക ഇവർ 500 രൂപയ്ക്ക് മുകളിൽ തുക ഈടാക്കി വില്പന നടത്തിയിരുന്നതായാണു സൂചന. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉമേഷ് കുമാർ, പറവൂർ പോലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക