
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ പൊയ്യക്കരയിൽ ബിആർഡിസിയുടെ ഉടമസ്ഥതയിലുള്ള 33.18 ഏക്കർ സ്ഥലത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിൽ നിന്ന് നിക്ഷേപകരായ മോറെക്സ് ഗ്രൂപ്പ് പിന്മാറി. ബിആർഡിസിയുമായി കരാർ ഒപ്പിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ നേരത്തേ ബിആർഡിസി മോറെക്സ് ഗ്രൂപ്പിന് നോട്ടീസ് നല്കിയിരുന്നു. എന്നിട്ടും നടപടികളൊന്നും തുടങ്ങാത്ത സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് നിക്ഷേപകർ പിന്മാറാൻ സന്നദ്ധത അറിയിച്ചത്. വലിയ പ്രതീക്ഷകളോടെ ആവിഷ്കരിച്ച പദ്ധതിയുടെ രൂപരേഖ ഉൾപ്പെടെ വിലയിരുത്തി അത് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന നിക്ഷേപകർ കരാർ ഒപ്പിട്ടതിനുശേഷം ഒന്നും ചെയ്യാതെ മാറിനിന്നത് സംശയത്തിനിട നല്കിയിരുന്നു. മാസങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൽനിന്ന് നേരിട്ടാണ് മോറെക്സ് ഗ്രൂപ്പിന്റെ സിഎംഡി ഷെരീഫ് മൗലക്കിരിയത്ത് കരാറും ലൈസൻസും കൈപ്പറ്റിയത്. രണ്ടു ഘട്ടങ്ങളിലായി 250 കോടി രൂപയുടെ പദ്ധതികളാണ് ടൂറിസം വില്ലേജിനായി ആവിഷ്കരിച്ചിരുന്നത്. തീരദേശ പരിപാലനനിയമം പാലിച്ചുകൊണ്ട് സ്ഥിരനിർമിതികളില്ലാതെ കോട്ടേജുകളും ടെന്റുകളും മാത്രമാണ് നിർമിക്കുക. വയനാട്ടിലെ എൻ ഊര് ടൂറിസം പദ്ധതിയുടെ മാതൃകയിൽ തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും സൗകര്യമൊരുക്കാനും ലക്ഷ്യമിട്ടിരുന്നു. വർഷങ്ങൾക്കു മുമ്പ് ബിആർഡിസി ഈ സ്ഥലം റിസോർട്ട് നിർമാണത്തിനായി തൃശൂരിലെ ജോയ്സ് ഗ്രൂപ്പിന് പാട്ടത്തിന് നല്കിയതായിരുന്നു. എന്നാൽ തീരദേശ പരിപാലന നിയമം റിസോർട്ട് നിർമാണത്തിന് തടസമായതോടെ ജോയ്സ് ഗ്രൂപ്പ് പിന്മാറി. പിന്നീട് സ്ഥലം വർഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. മാസങ്ങൾക്കു മുമ്പാണ് ഇവിടെ പരിസ്ഥിതി സൗഹൃദമായ ടൂറിസം വില്ലേജ് പദ്ധതി നടപ്പാക്കാമെന്ന ആശയം മുന്നോട്ടുവന്നത്. അജാനൂർ പഞ്ചായത്തിന്റെയും ബിആർഡിസിയുടെയും ടൂറിസം വകുപ്പിന്റെയും മുൻകൈയിലാണ് പദ്ധതി തയ്യാറാക്കിയത്. നിക്ഷേപകർ പിന്മാറിയതോടെ പദ്ധതി നടത്തിപ്പിനായി ഉടൻതന്നെ വീണ്ടും ടെൻഡർ വിളിക്കാനാണ് സാധ്യത.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക