തൃശൂർ: ചൂടു കൂടിയ സാഹചര്യത്തിൽ ത്വക്ക്, നേത്രരോഗങ്ങൾക്കും സൂര്യാതപത്തിനും ഇടയാക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കാതെ സൂക്ഷിക്കണമെന്നു മുന്നറിയിപ്പ്. കേരളത്തിൽ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ മുൻകരുതൽ സ്വീകരിക്കേണ്ട മേഖലയായി ദുരന്തനിവാരണ അഥോറിറ്റിയുടെ ഒല്ലൂർ സ്റ്റേഷൻ പരിധിയും ഉൾപ്പെടുത്തി. ഒല്ലൂർ സ്റ്റേഷനിൽ യെല്ലോ അലർട്ടും പാലക്കാട് തൃത്താലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. യുവി ഇൻഡക്സ് ആറിൽ എത്തിയാൽ യെല്ലോ അലർട്ടും എട്ട് രേഖപ്പെടുത്തിയാൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി അൾട്രാവയലറ്റ് (യുവി) രശ്മികൾ ശരീരത്തിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് ഉയർന്ന സൂചിക രേഖപ്പെടുത്തുന്നതെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു. ഈ സമയങ്ങളിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർരോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പുലർത്തണം. പകൽ പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സണ് ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്വസ്ത്രങ്ങൾ അഭികാമ്യം. മലന്പ്രദേശങ്ങൾ (ഉയർന്ന പ്രദേശങ്ങൾ), ഉഷ്ണമേഖലാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ യുവി സൂചിക ഉയരും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യുവി സൂചിക ഉയരും. ജലാശയം, മണൽ നിറഞ്ഞ പ്രതലങ്ങൾ എന്നിവ അൾട്രാ വയലറ്റ് രശ്മികളെ പ്രതഫലിപ്പിക്കുന്നതിനാൽ യുവി സൂചിക ഉയരുമെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക