കുമളി: ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേരെ കുമളി പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ അരണയ്ക്കൽ സ്വദേശികളായ പ്രജിത്ത് (30), കാർത്തിക് (45) എന്നിവരാണ് പിടിയിലായത്. പ്രജിത്തിനെ മധുരയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. കാർത്തിക്കിനെ ഇന്നലെ മൈസൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. യുവതി കുമളിയിൽ പഠനം നടത്തിവരികയായിരുന്നു. പ്രജിത്ത് സംഭവ ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് വിളിച്ചിറക്കി യുവതിയെ ബൈക്കിൽ കയറ്റി റോസാപ്പൂക്കണ്ടത്തുള്ള ലോഡ്ജിൽ എത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. എതിർത്ത പെണ്‍കുട്ടിയെ അടിച്ച് പരിക്കേൽപ്പിച്ചു. പീഡനദൃശ്യങ്ങൾ കാർത്തിക്കാണ് പകർത്തിയത്. പെണ്‍കുട്ടിയെ പിന്നീട് പ്രതികൾ വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം പുറത്തായതോടെ വീട്ടുകാരെയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്നാണ് കഴിഞ്ഞദിവസം പെണ്‍കുട്ടിയും മാതാപിതാക്കളും കുമളി പോലീസിൽ പരാതി നൽകിയത്. തോട്ടം തൊഴിലാളികളായ പ്രതികളെ ഇവരുടെ വീടുകളിലെത്തിച്ച് സംഭവ ദിവസം ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും പെണ്‍കുട്ടിയെ കടത്തുവാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക