
പാലൂർക്കാവ്: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പുലി ഇറങ്ങി നായയെ ആക്രമിച്ചു. ഊട്ടുകളത്തിൽ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചിൽകേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി ബഹളം ഉണ്ടാക്കിയതോടെ അജ്ഞാതജീവി നായയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡാഷ് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി. രാത്രി വൈകി മുറിഞ്ഞപുഴയിൽനിന്നും വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. ഒരാഴ്ച മുൻപ് ബിൻസിയുടെ വീട്ടിലെ മറ്റൊരു നായക്കുട്ടിയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാൽ രണ്ടാമതും നായയുടെ നേരേ ആക്രമണമുണ്ടായപ്പോഴാണ് പുലിയാണെന്നു വ്യക്തമായത്. കഴിഞ്ഞ ദിവസം പുലർച്ചെ പാലൂർക്കാവ് തോട്ടിൽനിന്നു പുലി കയറിപ്പോകുന്നതു കണ്ടതായി തെക്കേമല സ്വദേശികൾ പറഞ്ഞിരുന്നു. മേഖലയിൽ ആശങ്ക വർധിക്കുന്നു നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർക്കാവ് ടൗണിനു സമീപം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മേഖലയിലെ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക