സ്കൂൾവാന് ഫീസ് നൽകാത്ത കാരണത്താൽ പരീക്ഷ എഴുതാൻ കാത്തുനിന്ന വിദ്യാർത്ഥിയെ കയറ്റാതെ വാഹനം കടന്നുപോയതായി പരാതി. തിരുവനന്തപുരം കുന്നത്തുകാൽ ഗവൺമെൻറ് യുപി സ്കൂളിലെ സ്കൂൾ വാനാണ് വിദ്യാർത്ഥിയെ കയറ്റാതെ കടന്നു പോയത്. നിലമാമൂട് സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് വാൻ ഫീസ് യഥാസമയം നൽകാത്ത കാരണത്താൽ അധികൃതരിൽ നിന്ന് തിക്താനുഭവം നേരിട്ടത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂൾ വാനിൽ വിദ്യാർത്ഥിയെ കയറ്റി കൊണ്ടുപോയെങ്കിലും സ്കൂളിൽ എത്തിച്ചശേഷം വാൻഫീസ് ശേഖരിക്കുന്ന ചുമതലയുള്ള ടീച്ചർ വിദ്യാർത്ഥിയെ പരസ്യ വിചാരണയ്ക്ക് വിധേയനാക്കി എന്നും ആരോപണമുണ്ട്.
വൈകുന്നേരം സ്കൂൾ വാനിൽ കയറരുതെന്നും, നടന്നോ, രക്ഷിതാവിനെ വിളിച്ചോ വീട്ടിൽ പോകണമെന്നും പറഞ്ഞതായി വിദ്യാർഥി പറയുന്നു. സ്കൂൾ ബസ്സിലെ ആയ, കുട്ടിയെ കയറ്റി കൊണ്ടുപോയ വാൻ ഫീസ് അവർ നൽകണമെന്ന് താക്കീതും നൽകിയതോടെ വിദ്യാർത്ഥിയെ കയറ്റാതെയാണ് കഴിഞ്ഞദിവസം വൈകിട്ട് സ്കൂൾ ബസ്സുകൾ പോയത്.
പതിവ് സമയമായിട്ടും മകൻ വീട്ടിലെത്താത്തതിനെ തുടർന്ന് സ്കൂളിൽ പോയപ്പോൾ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിൽക്കുന്ന കുട്ടിയെയാണ് കണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു. മുടക്കം വന്ന വാൻ ഫീസ് അദ്ധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് നൽകാമെന്ന് കുട്ടിയുടെ പിതാവ് വിനോദ് സ്കൂൾ അധികൃതരോടും, പിടിഎ ഭാരവാഹികളോടും അറിയിച്ചിട്ടും പരീക്ഷാക്കാലത്തിൽ സ്കൂൾ അധികൃതർ കാണിച്ച ഈ നിലപാട് വിദ്യാർത്ഥിയെ മാനസികമായി തകർത്തെന്നും രക്ഷിതാവ് പറയുന്നു. പതിവുപോലെ രാവിലെ പരീക്ഷയ്ക്ക് തയ്യാറായി സ്കൂളിൽ പോകാൻ കാത്തുനിന്ന വിദ്യാർത്ഥിയെ കയറ്റാതെ പോയതോടുകൂടിയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക