കോതമംഗലം: മ്ലാവിനെ വേട്ടയാടി ഇറച്ചി വില്പന നടത്തിയ പ്രതികൾക്ക് നാലു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഭുതത്താൻകെട്ട് റിസർവ് വനത്തിനുള്ളിൽ നിന്നും മ്ലാവിനെ വേട്ടയാടി ഇറച്ചി വില്പന നടത്തിയ കേസിൽ ഒന്നാം പ്രതി പിണ്ടിമന മാലിക്കുടി റെജി (56), രണ്ടാം പ്രതി വണ്ണപ്പുറം വെള്ളിയാങ്കൽ മനു വിജയൻ (32) എന്നിവർക്കാണ് നാലു വർഷം കഠിനതടവിനും 15,000 രൂപ വീതം പിഴയടയ്ക്കാനും കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷിച്ചത്. 2010 മേയ് 15 നാണ് പ്രതികൾ ലൈസൻസ് ഇല്ലാത്ത രണ്ട് തോക്കുകളുമായി വനത്തിൽ അതിക്രമിച്ച് കടന്ന് രണ്ടു വയസുളള പെണ് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി ശേഖരിച്ചത്. കേസിലെ മറ്റ് പ്രതികളായ പരുത്തിയിൽ ബേബി, എൽകാലയിൽ അഗസ്റ്റി, കൊച്ചുതോട്ടം മാണി എന്നിവർ വിചാരണയ്ക്കിടയിൽ മരിച്ചിരുന്നു. പ്രതികളിൽ നിന്ന് ഇറച്ചി വാങ്ങിയ അഞ്ചാം പ്രതി പിണ്ടിമന കൊച്ചുതോട്ടം ആശ എൽദോസിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കി. ഒന്നു മുതൽ നാലു വരെ പ്രതികൾ മ്ലാവിനെ കൊന്ന് ശേഖരിച്ച മാംസം, ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് വില്പന നടത്തവേ തുണ്ടത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന ബി. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ഹാജരായി

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക