പാലിയേക്കര: മണലിയിൽ തണ്ണീർത്തടം വ്യാപകമായി മണ്ണിട്ടുനികത്തി. മണലിയിൽ പഴയ ദേശീയപാതയോടുചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് അനധികൃതമായി മണ്ണിട്ടു നികത്തിയത്. ആർഡിഒയ്ക്കു ലഭിച്ച പരാതിയെത്തുടർന്ന് നെന്മണിക്കര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നികത്തൽ തടഞ്ഞു. ആന്പല്ലൂരിലുള്ള സ്വകാര്യ വ്യക്തിയുടെയാണു ഭൂമി. ആന്പല്ലൂരിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഉപകരാർ എടുത്ത കന്പനി ഈ സ്ഥലം വാങ്ങുന്നതിനു കരാർ നടത്തിയിരുന്നതായി വില്ലേജ് അധികൃതർ പറഞ്ഞു. ഇതിൽ ആരാണ് തണ്ണീർത്തടം നികത്തിയതെന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. സർക്കാർ ഓഫീസുകൾ അവധിയായ ശനി, ഞായർ ദിവസങ്ങളിലായിരുന്നു മണ്ണിട്ടുനികത്തൽ. അധികൃതരുടെ കണ്ണുവെട്ടിച്ചു ടോറസ് ലോറികളിൽ എത്തിച്ച ലോഡുകണക്കിന് മണ്ണുപയോഗിച്ചാണു തണ്ണീർത്തടം നികത്തിയത്. എന്നാൽ അടിപ്പാത നിർമാണത്തിനാവശ്യമായ മണ്ണ് സൂക്ഷിക്കാൻവേണ്ടി കൂട്ടിയിട്ടതാണെന്നാണു വില്ലേജ് ഓഫീസർക്കു ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ വില്ലേജ് അധികൃതർ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാൻ നടപടിയെടുക്കണമെന്ന റിപ്പോർട്ട് ആർഡിഒക്കു സമർപ്പിച്ചു. ദേശീയപാതയോരത്ത് അടുത്തിടെയായി തണ്ണീർത്തടം നികത്തൽ വ്യാപകമാണ്. ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക