മികച്ച റാങ്കോടെ സബ് ഇൻസ്പെക്ടർ പരീക്ഷ പാസായിട്ടും അവധി അപേക്ഷയിൽ വ്യാപകമായി അക്ഷരത്തെറ്റ് വരുത്തിയ എസ്ഐയ്ക്കെതിരേ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത യുവതിയാണ് പരീക്ഷാ തട്ടിപ്പ് നടത്തി എസ്ഐ പരീക്ഷയിൽ മികച്ച റാങ്ക് നേടിയതെന്ന് കണ്ടെത്തി. രാജസ്ഥാനിൽ പ്രൊബേഷണറി എസ്‌ഐയായിരുന്ന മോണിക്ക അവധിക്കായി നല്‍കിയ അപേക്ഷയാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
2021ലെ എസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ മോണിക്ക 34-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. പരീക്ഷയില്‍ ഹിന്ദി പേപ്പറിന് 200ല്‍ 184 മാര്‍ക്കാണ് അവര്‍ നേടിയത്. ഈ ഉയര്‍ന്ന മാര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇവര്‍ അവധിക്കായി ഹിന്ദിയില്‍ എഴുതി നല്‍കിയ അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റ് വന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. അവധി അപേക്ഷയിൽ തന്റെ പദവിയിൽ പോലും മോണിക്ക അക്ഷരതെറ്റ് വരുത്തിയതാണ് ഉദ്യോഗസ്ഥരെ സംശയത്തിനിടയാക്കിയത്.
2021 സെപ്റ്റംബര്‍ 15ന് അജ്മീറിലെ സെന്ററില്‍ നടന്ന പരീക്ഷയില്‍ മോണിക്ക ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോപ്പിയടിച്ചതായി എസ്ഒജി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സൂത്രധാരനന്‍ പൗരവ് കലീര്‍ എന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൗരവിന് 15 ലക്ഷം രൂപ നല്‍കിയതായി മോണിക്ക ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്ഒജി അറിയിച്ചു. ഹിന്ദിയില്‍ 200ല്‍ 184 മാര്‍ക്കും പൊതുവിജ്ഞാനത്തില്‍ 200ല്‍ 161 മാര്‍ക്കുമാണ് മോണിക്ക നേടിയത്.
എഴുത്തുപരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അഭിമുഖത്തില്‍ മോണിക്കയ്ക്ക് 15 മാര്‍ക്കേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. പൗരവ് അറസ്റ്റിലായതോടെ ജയ്പൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന മോണിക്ക ഒളിവില്‍ പോയി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക