ചവറ: പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ യുവാവിന്റെ മരണത്തിന് കാരണമായ ലോറിയേയും ഡ്രൈവറെയും തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തിലാണ് ലോറിയും ഡ്രൈവറും കസ്റ്റഡിയിലായത്. അപകടത്തിന് ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. പന്മന കോലം താമളകന്നേൽ വിഷ്ണു (30) മരിച്ച കേസിലാണ് ഡ്രൈവർ തെങ്കാശി സ്വദേശി എൻ. അജിത് കുമാറിനെയും ലോറിയേയും ചവറ തെക്കുംഭാഗം പോലീസ് തെങ്കാശിയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. 12 ന് പുലർച്ചെ 3.30 ന് ശാസ്താംകോട്ട ടൈറ്റാനിയം സംസ്ഥാന പാതയിൽ തേവലക്കര പടപ്പനാൽ ജംഗ്ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ വരികയായിരുന്ന വിഷ്ണുവിന്റെ വാഹനത്തിലേക്ക് എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ചു വീണ വിഷ്ണുവിനെ നാട്ടുകാരും പോലീസും ചേർന്ന് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ മരണമടയുകയായിരുന്നു. വിഷ്ണുവിനെ ഇടിച്ച ലോറി തമിഴ്നാട് രജിസ്ട്രേഷനുള്ളതാണെന്ന് സിസി ടിവി നിരീക്ഷണത്തില് പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷം പോലീസ് ടൈറ്റാനിയും മുതൽ ഭരണിക്കാവ് വരെ 15 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപകടമുണ്ടാക്കിയത് നാഷണൽ പെർമിറ്റ് വാഹനം ആണെന്ന് കണ്ടെത്തി. നമ്പർ ഒരു ദൃശ്യത്തിലും കിട്ടാത്തത് പോലീസിന് വീണ്ടും തലവേദനയായി. പിന്നീട് നാഷണൽ പെർമിറ്റ് വാഹനം വരാൻ സാധ്യത ഉള്ള ഹൈവേയുടെ നിർമാണം നടക്കുന്ന ഓഫീസിൽ എത്തി അന്നേ ദിവസം ലോഡ് ഇറക്കി മടങ്ങിപ്പോയ 12 വാഹനങ്ങളും അപകട സമയവുമായി ഒത്തു നോക്കി വാഹനം തിരിച്ചറിയുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക