Tuesday, 11 February 2025

മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല: ഹോട്ടലുടമകള്‍

SHARE



തൃശൂര്‍: മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഓരോ ഹോട്ടലിലും മാലിന്യ സംസ്‌കരണ പ്ലാന്റു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതുമൂലം അനേകരാണു തൊഴിലും വരുമാനവും ഇല്ലാത്തവരാകുന്നത്. നികുതിയും ലൈസന്‍സ് ഫീസും യൂസര്‍ ഫീയും വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങള്‍തന്നെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കണം.
ഹോട്ടല്‍ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ടതു ഭക്ഷ്യ സുരക്ഷാ വിഭാഗമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ജീവനക്കാര്‍ ശാസ്ത്രീയ പരിശോധന നടത്താതെ നിയമവിരുദ്ധമായി ഭക്ഷണം പിടിച്ചെടുത്ത് പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതു വിലക്കണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണംമൂലം കേരളത്തിന്റെ ടൂറിസം, ഹോട്ടല്‍ വ്യവസായ മേഖല തകരുന്ന അവസ്ഥയാണ്.
പാതയോരങ്ങളില്‍ ഒരു നിയമവും പാലിക്കാത്ത അനധികൃത ഭക്ഷണ വില്‍പന നിരോധിക്കണം. ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റം തടയണം. നിത്യോപയോഗ സാധനങ്ങള്‍, പാചകവാതകം, വൈദ്യുതി, വെള്ളം എന്നിവയുടെ വില ഭീമമായി വര്‍ധിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമനുസരിച്ചുള്ള എം.എസ്.എം.ഇ. ആനുകൂല്യങ്ങള്‍ ഹോട്ടല്‍, റസ്റ്റോറന്റ് മേഖലക്കും ലഭ്യമാക്കണം.
ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി.യിലെ വിവേചനം തിരുത്തണം. അഞ്ചു ശതമാനമാണു ജിഎസ്ടി. കോമ്പോസിഷന്‍ സ്‌കീം പിന്തുടരുന്നവര്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കതെ സ്വന്തം പോക്കറ്റില്‍നിന്ന് ഈ തുക അടയ്ക്കണം. കോമ്പോസിഷന്‍ സ്‌കീമിലുള്ള ഇതര മേഖലയിലെ വ്യാപാരികള്‍ക്ക് ഒരു ശതമാനമാണു നിരക്ക്. ഹോട്ടലുടമകള്‍ക്കും ഒരു ശതമാനാക്കി കുറയ്ക്കണം. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ വാടകയുടെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user