
കൽപ്പറ്റ: കാഞ്ഞിരങ്ങാട് വില്ലേജിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ട ഭൂമി ഡിജിറ്റൽ സർവേയിൽ നിക്ഷിപ്ത വനഭൂമിയെന്നു രേഖപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു വനം വകുപ്പ് പിടിച്ചെടുത്തത് സ്വകാര്യ ഭൂമിയാണെന്ന് വിവിധ അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. നിക്ഷിപ്ത വനഭൂമിയായി വിജ്ഞാപനം ചെയ്തത് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12 ഏക്കർ അല്ലെന്നു വ്യക്തമാക്കുന്ന രേഖകൾ ഉണ്ടായിരിക്കേ ഉദ്യോഗസ്ഥരിൽ ചിലരുടെ നിക്ഷിപ്ത താത്പര്യമാണ് കുടുംബത്തിന് സ്വന്തം ഭൂമി തിരികെ ലഭിക്കാത്തതിനു കാരണം. എത്രയും വേഗം തെറ്റ് തിരുത്തി അവകാശപ്പെട്ട ഭൂമി കുടുംബത്തിന് തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ വനം, റവന്യു മന്ത്രിമാർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് എ.വി. ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. പ്രത്യുഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക