മലപ്പുറം : കൃത്രിമനിറങ്ങളും ചേരുവകളും ഒഴിവാക്കി പ്രത്യേക ആരോഗ്യപലഹാരങ്ങൾ ഹോട്ടലുകളിലുംമറ്റും നൽകാൻ പ്രത്യേക പദ്ധതിയുമായി ജില്ലാഭരണകൂടം. ജീവിതശൈലീ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നെല്ലിക്ക’ പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമനിറം ചേർക്കാത്തതുമായ പലഹാരങ്ങൾ എത്തിച്ച് നൽകുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കേരള കാറ്ററേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചിത്വമുള്ള പ്രത്യേക അടുക്കളകൾ സ്ഥാപിച്ചാണ് പലഹാരങ്ങൾ തയ്യാറാക്കുക. പദ്ധതി വിശദീകരിച്ച് തയ്യാറാക്കിയ പ്രചാരണ നോട്ടീസ് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രകാശനംചെയ്തു. ട്രോമകെയറിന്റെ സഹകരണത്തോടെയാണ് പ്രചാരണം. കളക്ടറേറ്റിൽ നടന്ന പ്രകാശനച്ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, സബ് കളക്ടർമാരായ ദിലീപ് കെ. കൈനിക്കര, അപൂർവ ത്രിപാദി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികളായ സി.എച്ച്. അബ്ദുസമദ്, റഫീഖ് സാംകോ, ട്രോമാകെയർ പ്രതിനിധികളായ റഷീദ് പൊന്നേത്ത്, മജീദ് വാറങ്കോട്, രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക