
ചേർത്തല: നഴ്സിംഗ് അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി അറസ്റ്റിൽ. വയനാട് ജില്ലയിൽ മീനങ്ങാടി താലൂക്ക് മീനങ്ങാടി പഞ്ചായത്ത് 18-ാം വാർഡിൽ കാര്യമ്പാടി കല്ലത്താണി സാദിഖി(29)നെയാ ണ് ചേർത്തല പോലീസ് പിടികൂടിയത്. 23ന് എറണാകുളം പനങ്ങാടിൽനിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല സ്വദേശിയിൽനിന്നും മകന് ബംഗളൂരു നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2022 ജൂലൈയിൽ ബാങ്ക് അക്കൗണ്ട് മുഖേന പണം വാങ്ങിയശേഷം നഴ്സിംഗ് അഡ്മിഷൻ കൊടുക്കാതിരിക്കുകയും പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും പണം കൊടുക്കാതെയും ചെയ്തതിനെത്തുടർന്ന് പണം നഷ്ടപ്പെട്ടയാൾ ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരേ വയനാട് പനമരം പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള ഒരു തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നീ പോലീസ്സ്റ്റേഷൻ പരിധികളിലും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചേർത്തല എഎസ്പി ഹരീഷ് ജയിനിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ചേർത്തല സ്റ്റേഷന് ഓഫീസര്‍ ജി.അരുൺ, എസ്ഐ എസ്. സുരേഷ്, വി.ജെ. ബിജുമോൻ, എഎസ്ഐ സജിത, സീനിയർ സിപിഒമാരായ ശ്രീജിത്ത്, എം. രഞ്ജുസെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക