
ചാലക്കുടി: അനശ്വര കലാകാരൻ കലാഭവൻ മണിയുടെ 9-ാം ചരമവാർഷിക ദിനമായ മാർച്ച് ആറിന് നടത്തുന്ന "കലാഭവൻ മണി ചിരസ്മരണ'യുടെ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും ഫോക്ക്ലോർ അക്കാദമിയും കലാഭവൻ മണി സ്മാരക ട്രസ്റ്റും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതലത്തിൽ സംഘടിപ്പിച്ചുവരുന്ന നാടൻ പാട്ട് മത്സരങ്ങളുടെ ഫൈനൽ ആറിന് രാവിലെ ഒന്പതു മുതൽ എസ്എൻജി ഹാളിൽ നടക്കും. ജില്ലാതല മത്സരത്തിൽ വിജയികളായ 14 ജില്ലാ ടീമുകളാണ് ഇവിടെ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുക. വൈകീട്ട് അഞ്ചിന് കലാഭവൻ മണി സ്മാരക പാർക്കിൽ അനുസ്മരണ സമ്മേളനവും സമ്മാനവിതരണവും അവാർഡ് ദാനവും നടക്കും. കലാഭവൻ മണിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളുടെ വിതരണവും നടക്കും. സിനിമ - സാംസ്കാരിക - സാമൂഹിക- രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനാനന്തരം സിനിമാ പിന്നണി ഗാനരംഗത്തെ പ്രശസ്തർ അണിനിരക്കുന്ന മെഗാ കലാസന്ധ്യയും സംഘടിപ്പിക്കും. നഗരസഭ ചെയർമാൻ ചെയർമാനായി 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംവിധായകൻ സുന്ദർദാസാണ് ജനറൽ കൺവീനർ. എബി ജോർജ്, വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, ബിജു എസ്. ചിറയത്ത്, സി.എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക