ഫോർട്ട്കൊച്ചി: അമരാവതിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അഗ്നിബാധയിൽ ഒന്നര കോടി രൂപയുടെ നഷ്ടം. ജനാർദന ക്ഷേത്രത്തിന് എതിർവശം സുചിത്രയുടെ ഉടമസ്ഥതയിലുള്ള കെ ആൻഡ് സി എന്ന ഇലക്ട്രിക്കൽ ഗൃഹോപകരണ ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. 6 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഗോഡൗണിൽ സുക്ഷിച്ചിരുന്ന മുഴുവൻ വസ്തുക്കളും കത്തി നശിച്ചു. സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾക്ക് കേടുപാടുണ്ടായി. ബുധൻ രാത്രി 8 മണിക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനം പുലർച്ചെ 2 മണി വരെ നീണ്ടു. മട്ടാഞ്ചേരി, അരൂർ, ഗാന്ധിനഗർ, ക്ലബ് റോഡ്, വൈപ്പിൻ, തൃപ്പൂണിത്തുറ, ദ്രോണാചാര്യ, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ നിന്നും ഫയർ എൻജിനുകൾ രക്ഷാ പ്രവർത്തനത്തിന് എത്തി.തീ പിടിച്ച കെട്ടിടം ഇടുങ്ങിയ റോഡിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അഗ്നി രക്ഷാ വാഹനങ്ങൾക്ക് സമീപത്തേക്ക് അടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക