അഞ്ചൽ : അപകട നിലയിലായെന്ന് പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും സമ്മതിച്ചു പൊളിക്കാനുള്ള അനുമതിയും ലഭിച്ചു, പൊളിക്കാൻ ചെന്നപ്പോൾ പറ്റില്ലെന്നു വകുപ്പ് ! ആർഒ ജംക്‌ഷനിലെ അരനൂറ്റാണ്ട് പഴക്കമുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിനാണ് ഈ അവസ്ഥ.മേൽത്തട്ടും ഭിത്തികളും അപകട നിലയിലായ കെട്ടിടത്തിൽ നിന്ന് വാടകക്കാരെ ഒഴിപ്പിച്ചിട്ട് ഒരു വർഷമായി. ഇപ്പോൾ പൊളിക്കുമെന്നു പഞ്ചായത്ത് ഭരണ സമിതി പറഞ്ഞപ്പോൾ ഏവരും വിശ്വസിച്ചു . ആധുനിക രീതിയിൽ പുതിയ കെട്ടിടം ഉയരുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ എല്ലാം ചുവപ്പു നാടകളിൽ കുരുങ്ങി തകിടം മറിഞ്ഞു.
കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥ അവകാശമാണു പ്രശ്നം. ടൗണിന്റെ ഹൃദയ ഭാഗത്തുള്ള സ്ഥലത്തു കെട്ടിടം നിർമിച്ചതു പഞ്ചായത്താണ്. എന്നാൽ ഈ സ്ഥലത്തിനു കരം അടച്ചു സ്വന്തം പേരിൽ ആക്കുന്ന കാര്യം പഞ്ചായത്ത് സമിതി മറന്നു പോയത്രെ . കെട്ടിടത്തിന് 47 വർഷം പഴക്കം ചെന്നതോടെ ഇതു പൊളിച്ച് പുതിയ ബഹുനില മന്ദിരം നിർമിക്കാൻ പഞ്ചായത്ത് സമിതി തീരുമാനം എടുത്തു. പൊളിക്കാൻ അനുമതി ലഭിച്ചതോടെ പുതിയതു നിർമിക്കാനുള്ള അനുമതിക്കു ശ്രമിച്ചതോടെയാണു സ്ഥലം റവന്യു വകുപ്പിന്റെ അധീനതയിൽ ആണെന്നു വ്യക്തമാകുന്നത്. ഇതോടെ പൊളിക്കാനും പുതിയതു നിർമിക്കാനും വയ്യ എന്ന അവസ്ഥയിലായി. കൈവശ രേഖകൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് സമിതി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല എന്നാണു സൂചന .
കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന വീഴുന്നതു മൂലം ഇതിന്റെ സമീപത്തു കൂടെ ഭീതിയോടെയാണ് ജനങ്ങൾ നടക്കുന്നത്. ഇതിനു പരിഹാരം വൈകരുതെന്നാണു ആവശ്യം. ആധുനിക സൗകര്യങ്ങളും പാർക്കിങ് സൗകര്യവുമുള്ള പുതിയ കെട്ടിടം ഉയർന്നാൽ ടൗണിന്റെ മുഖഛായ മാറും എന്നതു വസ്തുത അധികൃതർ മറക്കരുതെന്നാണു നാട്ടുകാരുടെ അഭ്യർഥന .
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക