തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്താണ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്.
തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാനലിലെ റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
സംഭവത്തിൽ നേരത്തെ, ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V