മൺറോത്തുരുത്ത് : കുറച്ചുവർഷങ്ങളായി ഇല്ലാതിരുന്ന വേലിയേറ്റം ഡിസംബറിൽ തിരിച്ചെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വേലിയേറ്റമാണ് മൺറോത്തുരുത്തിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പുലർച്ചെ 4ന് കയറുന്ന വെള്ളം രാവിലെ 10 മണിയോടെ തിരിച്ചിറങ്ങുമായിരുന്നു. എന്നാൽ ഇത്തവണ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. മിക്ക സ്ഥലങ്ങളിലും പ്രളയ സമാനമായ നിലയിലാണ്. നെൻമേനി തെക്ക്, കിടപ്രം തെക്ക്, കിടപ്രം വടക്ക്, പെരുങ്ങാലം, കൺട്രാംകാണി, പട്ടംത്തുരുത്ത്, മൺറോതുരുത്ത് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലാണ്.നടവഴികൾ മാത്രമുള്ള സ്ഥലങ്ങളിലെ ജനങ്ങളാണ് കൂടുതൽ ദുരിതത്തിലായത്. മുട്ടൊപ്പം ചെളിയിൽ ഇറങ്ങാതെ നടക്കാൻ കഴിയില്ല. വൃദ്ധരും രോഗികളും ആശുപത്രിയിൽ പോകുന്നതിനു പോലും കഴിയാതെ വീടുകളിൽ കുടുങ്ങിയ നിലയിലാണ്. വിദ്യാർഥികൾ യൂണിഫോം നനയാതിരിക്കാൻ ഉയർന്ന പ്രദേശത്തെ വീടുകളിലെത്തി വസ്ത്രം മാറിയാണ് സ്കൂളുകളിൽ പോകുന്നത്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞതോടെ ശുചിമുറികൾ പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വേലിയേറ്റം കനത്തതോടെ കൈത്തോടുകളിൽ നിന്ന് മറ്റും മാലിന്യങ്ങൾ ഒഴുകിയെത്തി വീടുകളുടെ പരിസരങ്ങളിൽ കെട്ടി കിടക്കുകയാണ്. മാസങ്ങളായി മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ ജനങ്ങൾ സാംക്രമിക രോഗ ഭീതിയിലാണ്.ഉപ്പുവെള്ളം കയറിയതോടെ കൃഷിനാശം വ്യാപകമായി. ചെമ്മീൻ, കരിമീൻ കർഷകരെല്ലാം കൃഷി നിർത്തിവച്ചിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ വീടിനുള്ളിലാണു കെട്ടുന്നത്. തൊഴുത്തുകളിലും വെള്ളം കയറിയതിനാൽ കന്നുകാലികളെ കെട്ടാൻ കഴിയാതായി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും വേലിയേറ്റം തുടങ്ങിയതോടെ മത്സ്യ ലഭ്യതയിലും കുറവ് വന്നു.വേലിയേറ്റം കൂടുതൽ ശക്തമാകുകയും ദിവസങ്ങളായി തുടരുകയും ചെയ്യുന്നതിനാൽ പല കുടുംബങ്ങളും തുരുത്ത് ഒഴിഞ്ഞുപോകാൻ തയാറെടുക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പോലും മനുഷ്യരെ ചുമന്ന് കൊണ്ട് പോകേണ്ട സ്ഥിതിയാണെന്നും ആയതിനാൽ ജനപ്രതിനിധികൾ ഇടപെട്ട് സഞ്ചാര യോഗ്യമായ റോഡുകൾ നിർമിച്ചു നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക