തൃശൂര്‍: കൊറിയര്‍ വഴി മുംബൈയില്‍നിന്നും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. മുംബൈ മുളുന്ദ് സ്വദേശി 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന യോഗേഷ് ഗണപത് റാങ്കഡെ (31) യാണ് പൊലീസ് പിടിയിലായത്. മുംബൈ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെയാണ് യോഗേഷ് ഗണപത് റാങ്കഡെ എന്നാണ് പൊലീസ് വിശദമാക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2024 ഒക്‌ടോബര്‍ 18ന് തൃശൂര്‍ കൊക്കാലെയിലുള്ള കൊറിയര്‍ സ്ഥാപനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട പാഴ്‌സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ നാലര കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. ഈ കേസിന്റെ തുടരന്വേഷണത്തില്‍ പടിഞ്ഞാറെകോട്ടയില്‍ പ്രോട്ടീന്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയും ആധുനിക രീതിയില്‍ സജ്ജീകരിച്ച ജിംനേഷ്യത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയും ചെയ്തിരുന്ന നിരവധി മയക്കമരുന്നു കേസുകളിലെ പ്രതിയായ നെടുപുഴ സ്വദേശിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുംബൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയര്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയര്‍ മുഖേന കഞ്ചാവ് കടത്തുന്ന പ്രധാന സംഘത്തിലെ കണ്ണിയെയാണ് മുംബൈയില്‍നിന്ന് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക