പത്തനംതിട്ട : ഓമല്ലൂരിനു സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. മുട്ടത്തുകോണം പനയ്ക്കൽ എരുത്തിപ്പാട്ട് വീട്ടിൽ എ.കെ.സുഭാഷിന്റെ മകൻ ഇ.എസ്.ശ്രീശരൺ (15), ഓമല്ലൂർ ചീക്കനാൽ ചാക്കാംപുറത്ത് വീട്ടിൽ ബിനോയ് തോമസിന്റെ മകൻ ഏബൽ ബി.തോമസ് (16) എന്നിവരാണ് മരിച്ചത്. ആറ്റിലൂടെ നടക്കുന്നതിനിടെ ഏബൽ കാൽതെറ്റി കയത്തിലേക്ക് വീഴുകയായിരുന്നു. ഏബലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീശരണും അപകടത്തിൽപെടുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം ഓമല്ലൂർ മുള്ളനിക്കാട് വലിയപള്ളിക്കു സമീപം കോയിക്കൽ കടവിലാണ് അപകടം. സ്വകാര്യ ട്യൂഷൻ സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ആദ്യ മത്സരത്തിനു ശേഷമുള്ള ഇടവേളയ്ക്കിടെ ഏബലും ശ്രീശരണും മറ്റു 3 സുഹൃത്തുക്കളും കുളിക്കാൻവേണ്ടി കടവിലേക്കു പോവുകയായിരുന്നു. ഇതിൽ 4 പേർ കുളിക്കാനായി വെള്ളത്തിലിറങ്ങി. ഒരാൾ കരയിലിരുന്നു. ആറ്റിൽ കൂടുതൽ വെള്ളമുള്ള ഭാഗത്തേക്ക് ഇറങ്ങിപ്പോകുംവഴി ഏബലും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീശരണും കാൽ തെന്നി കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താണു. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക