കൊരട്ടി : ലോറിയിലും അകമ്പടി വന്ന കാറിലുമായി 211 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2021ൽ ലഹരി വിരുദ്ധ സ്‌ക്വാഡും കൊരട്ടി പൊലീസും പിടി കൂടിയ 5 പേർക്കു 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചു. എൽത്തുരുത്ത് പൊന്തേക്കൻ ജോസ് (44), മണ്ണുത്തി വലിയവീട്ടിൽ സുബീഷ് (46), പഴയന്നൂർ വേണാട്ടുപറമ്പിൽ മനീഷ് (27), കുണ്ടുകാട് തേമനാ രാജീവ് (48), തമിഴ്‌നാട് തേനി സ്വദേശി സുരേഷ് (39) എന്നിവരെയാണു ശിക്ഷിച്ചത്.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ ഏതാണ്ടു 4 കോടി രൂപ വിലവരുന്ന കഞ്ചാവുമായാണു പ്രതികൾ കേരളത്തിലേക്ക് എത്തിയത്. അതുവരെ കേരളത്തിൽ നടന്ന എറ്റവും വലിയ കഞ്ചാവവേട്ട എന്ന നിലയിൽ ഇക്കാര്യം ശ്രദ്ധ നേടിയിരുന്നു.
2021 ജൂലൈ 24 നാണു കേസിന് ആസ്പദമായ സംഭവം. കഞ്ചാവ് കടത്തുവാനുപയോഗിച്ച നാഷനൽ പെർമിറ്റ് ലോറിയും ആഡംബര കാറും പിടിച്ചെടുത്തു. ഡിവൈഎസ്പിമാരായിരുന്ന സി.ആർ.സന്തോഷ്, ഷാജു ജോസ്, കൊരട്ടി എസ്എച്ച്ഒ ആയിരുന്ന ബി.കെ.അരുൺ, ക്രൈംബ്രാഞ്ച് എസ്‌ഐ എം.പി.മുഹമ്മദ് റാഫി, എസ്‌ഐമാരായിരുന്ന ഷാജു എടത്താടൻ, സി.കെ.സുരേഷ്, സി.ഒ.ജോഷി, എം.എസ്.പ്രദീപ്, സജി വർഗിസ്, സിജു, ലഹരി വിരുദ്ധ സ്‌ക്വാഡിലെ എഎസ്‌ഐമാരായ കെ.കെ.ജയകൃഷ്ണൻ, ടി.ആർ.ഷൈൻ, മുരുകേഷ് കടവത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, വി.ആർ.രഞ്ജിത്, സിപിഒമാരായ ഷറഫുദ്ദീൻ, മാനുവൽ, സജി, ജിബിൻ, നിതീഷ്, സൈബർ സെൽ അംഗങ്ങളായ സനൂപ്, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട രണ്ടാം ലോക് ഡൗണിന്റെ കാലത്തായിരുന്നു കഞ്ചാവ് ശേഖരം പിടികൂടിയത്. അക്കാലത്തു ദേശീയപാതയിൽ ഉൾപ്പെടെ വാഹന പരിശോധന കുറവായിരുന്നതു കണക്കിലെടുത്താണു വലിയ തോതിൽ കഞ്ചാവ് കടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും അറുപതോളം രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സോളി ജോസഫ്, എം.കെ.ഗിരീഷ് മോഹൻ എന്നിവർ ഹാജരായി. ജിഎസ്‌സിപിഒ ബിനോജ് ഗോപി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക