Saturday, 7 December 2024

ക്ഷേമപെൻഷൻ തുക ഉയര്‍ത്തിയേക്കും.

SHARE


തിരുവനന്തപുരം:
ജനുവരിയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സാമൂഹിക സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുന്നത് ആലോചനയില്‍. നിലവില്‍ നല്‍കുന്ന 1600 രൂപയില്‍ നിന്ന് 1800 രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണു നിർദേശം. ചായ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തില്‍ ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയെങ്കിലും ഉയർത്തണമെന്ന നിർദേശവുമുയരുന്നുണ്ട്. നിലവിലെ ക്ഷേമപെൻഷൻ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന അനർഹരുടെ എണ്ണത്തിന്‍റെ കൂടി ആനുപാതികമായിട്ടാകും എത്രത്തോളം വർധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന 62 ലക്ഷം പേരില്‍ ഏഴു ലക്ഷം പേരെങ്കിലും അനർഹരാണെന്നാണു കണക്ക്. ഇവരെ ഒഴിവാക്കിയാല്‍ ഇത്രയും തുക അർഹരായവർക്ക് അധികമായി നല്‍കാനാകും. വരുന്ന നവംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റില്‍വേണമെന്ന നിർദേശം സജീവമായത്. സംസ്ഥാന ബജറ്റ് 2025 ജനുവരി 24ന് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ 2500 രൂപ ആക്കി ഉയർത്തുമെന്നായിരുന്നു 2021ലെ എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാല്‍, കെ.എൻ. ബാലഗോപാലിന്‍റെ നാലാം ബജറ്റിലേക്ക് എത്തിയിട്ടും തുകയില്‍ വർധന വരുത്താനായില്ല. വരുന്നതു തെരഞ്ഞെടുപ്പു വർഷങ്ങളായതിനാല്‍ അധിക നികുതി ചുമത്താതെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രി ശ്രമിക്കുക. നിലവില്‍ ക്ഷേമപെൻഷനില്‍ നാലു ഗഡുക്കള്‍ കുടിശികയുണ്ട്. ജനുവരി മൂന്നാംവാരത്തോടെ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user