തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്‍റെ പേരില്‍ എയ്ഡഡ് സ്കൂളുകളിലെ 2021 മുതലുള്ള സ്ഥിരനിയമനങ്ങള്‍ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി പരാതി. സ്ഥിരം ഒഴിവുകളിലേക്ക് 2021 മുതല്‍ മാനേജർമാർ നല്‍കിയ സ്ഥിരം നിയമനങ്ങള്‍ എല്ലാം റദ്ദ് ചെയ്തു ദിവസ വേതന അടിസ്ഥാനത്തില്‍ നല്‍കണമെന്നതാണ് പുതിയ നിർദേശം. 2018 മുതല്‍ 2021 വരെ നിയമനം ലഭിച്ചവർക്ക് താത്കാലിക അടിസ്ഥാനത്തിലും 2021 മുതല്‍ സ്ഥിരം നിയമനം ലഭിച്ചവർക്ക് ദിവസവേതന അടിസ്ഥാനത്തിലും അംഗീകാരം നല്‍കണമെന്നും ഭിന്നശേഷി സംവരണം പാലിച്ചു കഴിയുന്പോള്‍ അവരെ ശന്പള സ്കെയിലില്‍ സ്ഥിരപ്പെടുത്തണം എന്നുമായിരുന്നു ഇതുവരെയുള്ള ഉത്തരവ്. മുൻകാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായി നിയമിതരായവരുടെ നിയമനങ്ങള്‍ 2021 പ്രാബല്യത്തില്‍ റദ്ദ് ചെയ്ത് ദിവസവേതന അടിസ്ഥാനത്തില്‍ പുതിയ നിയമനം നല്‍കാനുള്ള ഉത്തരവ് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിതരാവുകയും അംഗീകാരം നേടുകയും ചെയ്യുന്നവർക്ക് പിന്നീട് സ്ഥിരനിയമനം ലഭിക്കാനിടയില്ല. 2021 മുതല്‍ ആർക്കും സ്ഥിരനിയമനം ലഭിക്കുകയില്ല എന്നതാണ് അവസ്ഥ. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഈ വർഷം തന്നെ ഇറക്കിയ പത്തിലധികം ഉത്തരവുകള്‍ പരസ്പരവിരുദ്ധവും അവ്യക്തവും ആയതിനാല്‍ നിയമനപ്രക്രിയകള്‍ എല്ലാം അവതാളത്തിലായിരിക്കുകയാണ് . നിയമനത്തിന് മാനേജ്മെന്‍റുകള്‍ തയാറാണെങ്കിലും ഭിന്നശേഷിക്കാരെ ലഭിക്കാത്തതിന്‍റെ പേരില്‍ നിയമനവും നിയമന അംഗീകാരവും തടസപ്പെട്ടു കിടക്കുകയാണ്. ഭിന്നശേഷിക്കാരെ ലഭിക്കുന്നതിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ആവശ്യപ്പെട്ടിട്ടും മൂന്ന് പത്രങ്ങളില്‍ പരസ്യം ചെയ്തിട്ടും ലഭിച്ചില്ലെങ്കില്‍ ഒഴിവുകള്‍ മൂന്നുവർഷം ഒഴിവാക്കിയിടണം എന്നതും സ്കൂളുകളില്‍ സ്ഥിരം അധ്യാപകർ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക