Monday, 23 December 2024

ശബരിമല കാനനപാതയില്‍നിന്ന് വ്യാപാരികള്‍ പിന്മാറുന്നു.

SHARE

കണമല: ശബരിമല കാനനപാതയില്‍നിന്ന് വ്യാപാരികള്‍ പിന്മാറുന്നു. കാനനപാതയില്‍ തീർഥാടക യാത്രയ്ക്ക് വിലക്കും സമയ നിയന്ത്രണവും ഏർപ്പെടുത്തിയതോടെ കച്ചവടം കുറഞ്ഞു തുടങ്ങി. ഇത് കൂടാതെ വനംവകുപ്പിന്‍റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അടുത്ത സീസണില്‍ കച്ചവടത്തിനില്ലെന്ന് പറഞ്ഞ് മിക്കവരും ഇപ്പോള്‍ പിന്മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പാത അടച്ച ശേഷം തുടർന്നുള്ള വർഷങ്ങളില്‍ സീസണ്‍ കച്ചവടം കനത്ത നഷ്ടം നിറയ്ക്കുന്ന നിലയെത്തി. ഇപ്പോള്‍ കച്ചവടം കഴിഞ്ഞു പാത ഇറങ്ങുന്നത് നഷ്ടം മാത്രമല്ല ദുരിതങ്ങള്‍ കൂടി സഹിച്ചാണെന്ന് കച്ചവടക്കാർ പറയുന്നു. ഷെഡ് കെട്ടാനുള്ള എല്ലാ സാധനങ്ങളും വ്യാപാരികള്‍ കൊണ്ടുവരണം. വനത്തില്‍നിന്ന് ഒരു കമ്പ് പോലും എടുക്കാൻ പാടില്ല. ഒരു ചെറിയ ഷെഡ് പണിതീർക്കാൻ ഏറ്റവും കുറഞ്ഞത് അര ലക്ഷം രൂപയെങ്കിലും ചെലവാകും. ഇതിനുപുറമേ കുറഞ്ഞത് 15,000 രൂപയെങ്കിലും വനം വകുപ്പിന്‍റെ കീഴിലുള്ള കമ്മിറ്റിക്കു നല്‍കണം. 2,000 രൂപ പഞ്ചായത്ത്‌ ലൈസൻസിന് കൊടുക്കണം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും അനുമതി സർട്ടിഫിക്കറ്റ് നേടണം. വനപാലകർക്ക് പിരിവ് നല്‍കണം. വില്പന സാധനങ്ങളെല്ലാം തലച്ചുമടായി എത്തിക്കണം. വെള്ളം വനത്തില്‍നിന്ന് കിട്ടിയില്ലങ്കില്‍ നാട്ടില്‍നിന്നു കൊണ്ടുവരണം. ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ വനത്തെ ആശ്രയിക്കണം. വൈദ്യുതി ഇല്ലാത്തതിനാല്‍ രാത്രിയില്‍ ബദല്‍ സംവിധാനം ഒരുക്കണം. ഇങ്ങനെ ഒട്ടേറെ വൈതരണികള്‍ മറികടന്നാണ് കച്ചവടം നടത്തേണ്ടത്. ഇത്തവണ ദിവസങ്ങളോളം മഴമൂലം പാത അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളില്‍ വനത്തിലെ വിജനമായ പാതയില്‍ കച്ചവടക്കാർ അടുത്ത ദിവസം പാത തുറക്കുമെന്ന പ്രതീക്ഷയില്‍ കഴിച്ചുകൂട്ടി. രാത്രിയില്‍തീർഥാടക യാത്ര നിരോധിച്ചതിനാല്‍ കച്ചവടക്കാർ മാത്രമാണ് പാതയില്‍ ഷെഡുകളില്‍ കഴിയുക. എപ്പോള്‍ വേണമെങ്കിലും ആനകള്‍ എത്തുന്ന ഈ ഷെഡുകളില്‍ ജീവൻ അപകടത്തിലാകാതെ ഉറക്കമൊഴിച്ചാണ് കഴിയേണ്ടത്. പലപ്പോഴും തീർഥാടകരും കച്ചവടക്കാരും കാട്ടാനകളുടെ ആക്രമണം നേരിടാറുണ്ട്. ആനകള്‍ ഷെഡുകള്‍ തകർത്ത ഒട്ടേറെ സംഭവങ്ങളുമുണ്ട്. ആന, പുലി, കാട്ടുപോത്ത്, കേഴ, മ്ലാവ്, ഉടുമ്ബ്, പാക്കാൻ, അപൂർവമായി കരടി തുടങ്ങിയ ജീവികളും വിഹരിക്കുന്നു. ഇത് മുൻനിർത്തി രാവിലെ മുതല്‍ ഉച്ചവരെയേ തീർഥാടക സഞ്ചാരം അനുവദിച്ചിട്ടുള്ളൂ. ഈ സയത്തുള്ള കച്ചവടം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. പെട്ടെന്നുതന്നെ കാനനപാതയില്‍ യാത്ര നടത്തേണ്ട നിലയില്‍ കടുത്ത സമയ നിയന്ത്രണമായതോടെ അയ്യപ്പ ഭക്തർ കച്ചവടക്കാരുടെ ഷെഡുകളില്‍ അധികം സമയം ചെലവിടില്ല. അതുകൊണ്ട് ഇത്തവണ കച്ചവടം തീരെ കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user