ശബരിമല: ശബരിമലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ ഉപയോഗിച്ച 1563 പേര്‍ക്കെതിരെ നടപടി. സിഗരറ്റ്, പാന്‍മസാല, ചുരുട്ട് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളില്‍ ആണ് ഇത്രയും പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത് എന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരുന്നു എക്‌സൈസിന്റെ പരിശോധന.ഒറ്റയ്ക്കും പൊലീസ്, മോട്ടോര്‍ വാഹനം, വനം, ആരോഗ്യ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയുമായിരുന്നു എക്‌സൈസിന്റെ പരിശോധന. 13 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഈ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് എക്‌സൈസ് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഇവ ഉപയോഗിച്ചത്തിനും വില്‍പന നടത്തിയതിനും കുറ്റക്കാരില്‍ നിന്നും 3,12,600 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മണ്ഡലകാലം മുഴുവന്‍ കര്‍ശന പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച് നുറുദീന്‍ അറിയിച്ചു. ഇതുവരെ 271 റെയ്ഡുകളാണ് ശബരിമല കേന്ദ്രീകരിച്ച് വിവിധ വകുപ്പുകള്‍ നടത്തിയിട്ടുള്ളത്. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും സംയുക്തമായുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ 2 വരെ സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്. സന്നിധാനത്ത് സി ഐ ജി രാജീവും നിലയ്ക്കലില്‍ സി ഐ ബെന്നി ജോര്‍ജും പമ്പയില്‍ സി ഐ എന്‍ കെ ഷാജിയും ആണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്. പരിശോധനയ്ക്കൊപ്പം കടകളിലെയും ഹോട്ടലുകളിലെയും ജീവനക്കാര്‍ക്കിടയില്‍ ലഹരിക്കെതിരായ ബോധവത്കരണവും എക്സൈസ് നടത്തി വരുന്നുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നു എക്സൈസ് റേഞ്ചുകളായി തിരിച്ചാണ് പരിശോധന. സന്നിധാനത്ത് 24 എക്സൈസ് ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ 30 പേരും പമ്പയില്‍ 20 പേരുമാണ് ഡ്യൂട്ടിയില്‍ ഉള്ളത്. ലഹരിനിരോധിത മേഖലയായ ശബരിമലയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷയാണ് ലഭിക്കുക.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക