Thursday, 12 December 2024

കണ്ണീരായി പനയമ്പാടം: ലോറി അപകടത്തില്‍ മരണ സംഖ്യ നാലായി.

SHARE

മണ്ണാർക്കാട്:  പനയമ്പടത്തെ അപകടത്തില്‍ മരണം നാലായി. കരിമ്ബ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ തച്ചമ്ബാറ ഇസാഫ് ആശുപത്രിയിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. നാലരയോടെയാണ് അപകടമുണ്ടായത്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു അഞ്ച് വിദ്യാർത്ഥിനികള്‍. കടയില്‍ നിന്ന് മിഠായി വാങ്ങി വരികയായിരുന്നു. ഈ സമയം സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച്‌ നിയന്ത്രണം വിട്ടു. തുടർന്ന് വിദ്യാർത്ഥിനികള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതുകണ്ട ഒരു പെണ്‍കുട്ടി മതിലെടുത്തുചാടിയാണ് രക്ഷപ്പെട്ടത്. ലോറി പൂർണമായും ഉയർത്തിയിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പനയമ്പാടം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച്‌ സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user