കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപില്‍ വിനോദ യാത്രയ്‌ക്കെത്തിയ രണ്ട് സ്‌കൂള്‍ കുട്ടികള്‍ കടലില്‍ മുങ്ങി മരിച്ചു. അഗത്തി സ്വദേശിയും സിപിഎം നേതാവുമായ മുള്ളിപ്പുര ഷരീഫ് ഖാന്റെയും അധ്യാപികയായ ഫസീലയുടെയും മകന്‍ മുഹമ്മദ് ഫവാദ് ഖാന്‍(6), അഗത്തി മുള്ളിപ്പുര റഹ്‌മത്തുള്ളയുടെയും അധ്യാപികയായ കീളാപുര സീനത്തുന്നീസയുടെയും മകന്‍ അഹമ്മദ് സഹാന്‍ സെയ്ദ്(7) എന്നിവരാണു മരിച്ചത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്നാണ് കുട്ടികള്‍ വിനോദ യാത്രയ്ക്ക് എത്തിയത്. മണല്‍ തിട്ടയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് സംഭവം. വിനോദയാത്രയ്ക്കായി മുന്നൂറോളം പേരാണ് ആറു ബോട്ടുകളിലായി ബംഗാരത്ത് എത്തിയത്. മണല്‍ത്തിട്ടയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലില്‍ പോയ ബോള്‍ എടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. അല്‍പ സമയത്തിനു ശേഷമാണു കുട്ടികളെ കാണാനില്ലെന്ന വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ആദ്യം മുഹമ്മദ് ഫവാദിനെ കണ്ടെത്തി. ഒരു കിലോമീറ്റര്‍ അകലെ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ അഹമ്മദ് സഹാനെ സമീപത്തെ റിസോര്‍ട്ടിലെ സ്‌കൂബ ഡൈവിങ് ടീം കണ്ടെത്തുകയായിരുന്നു. ട്രെന്‍ഡ് സിറ്റി നിര്‍മാണത്തിനായി എത്തിയ സംഘത്തിലെ ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ അഗത്തിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. മുഹമ്മദ് ഫവാദ് ഖാന്‍ അഗത്തി ഗവ. സീനിയര്‍ ബേസിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും അഹമ്മദ് സഹാന്‍ സെയ്ദ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കുട്ടികളുടെ അമ്മമാര്‍ ഇതേ സ്‌കൂളിലെ അധ്യാപകരാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് അഗത്തിയില്‍ എത്തിച്ചു സംസ്‌കാരം നടത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക