Tuesday, 3 December 2024

വില്ലേജ് ഓഫീസര്‍മാരക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ''ക്ഷാമം"

SHARE



കുമളി: വില്ലേജ് ഓഫീസർമാർക്ക് ഹൈറേഞ്ചില്‍ കൊടിയ ക്ഷാമം. ജനത്തിന് വില്ലേജ് ഓഫീസുകളില്‍നിന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകള്‍ക്കും ഇതര സേവനങ്ങള്‍ക്കും ക്ഷാമം. പീരുമേട് താലൂക്കിലെ പെരിയാർ, മഞ്ചുമല, വാഗമണ്‍ വില്ലേജ് ഓഫീസുകളിലാണ് ആഴ്ചകളായി ഓഫീസർമാർ ഇല്ലാത്തത്. പകരം ചുമതലക്കാരനുമില്ല. ഓഫീസുകളില്‍ അപേക്ഷകള്‍ കുമിഞ്ഞുകൂടുകയുമാണ്. ബാങ്ക് വായ്പകള്‍ക്കും കെഎസ്‌എഫ്‌ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നല്‍കുവാനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വീട് വയ്ക്കുന്നതിനുമെല്ലാമുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അവധിയിലുള്ള ഓഫീസർമാർക്ക് പകരം മറ്റ് വില്ലേജുകളിലെ ഓഫീസർമാർക്ക് ചാർജ് കൊടുത്തിട്ടുണ്ടെങ്കിലും സ്വന്തം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞിട്ട് ഇവർക്ക് പകരക്കാരന്‍റെ ജോലിചെയ്യാൻ സമയവുമില്ല. ഓഫീസർമാർ ഇല്ലാത്ത വില്ലേജുകളില്‍ മറ്റ് ജീവനക്കാരും തോന്നുന്പോഴാണ് എത്തുന്നതെന്ന് ജീവനക്കാരില്‍ ചിലർ തന്നെ രഹസ്യമായി പറയുന്നു. വില്ലേജ് ഓഫീസുകള്‍ക്കും ഓഫീസർമാർക്കും ഒൗദ്യോഗിക മൊബൈല്‍, ലാൻഡ് ഫോണ്‍ കണക്‌ഷനുകള്‍ ഉണ്ടെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഫീസടച്ച്‌ ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കി സർട്ടിഫിക്കറ്റ് ശരിയായോ എന്ന് പരിശോധിക്കാൻ അക്ഷയ സെന്‍റർ ജീവനക്കാരും അപേക്ഷകരും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. സർട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാൻ ജില്ലാ കളക്ടർ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചിട്ടും മേലധികാരികള്‍ക്കും അനക്കമില്ല. ഇനി മേലധികാരികളും ക്ഷാമ ഗണത്തിലാണോ എന്ന ആശങ്കയിലാണ് ജനം. ആധുനിക സാങ്കേതിക വിദ്യ ഇത്രമേല്‍ വികസിച്ചിട്ടും ആധാർ സ്വന്തമായുള്ളവന്‍റെ ജീവിതാവസ്ഥ പോലും വില്ലേജിലെ അധികാരി സാക്ഷ്യപ്പെടുത്തണമിപ്പോഴും.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user