Monday, 2 December 2024

കാപ്പി കുരുവിന്റെ വില 250 ലേക്ക്‌ പൊടിവില 700;നേട്ടമില്ലാതെ കര്‍ഷകര്‍.

SHARE

കോട്ടയം:
കാപ്പിക്കുരു വിലയും കാപ്പിപ്പൊടി വിലയും പുത്തന്‍ ഉയരം താണ്ടുമ്ബോള്‍ നേട്ടമൊന്നുമില്ലാതെ ജില്ലയില്‍ കര്‍ഷകര്‍. സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഉത്‌പാദനവും സമയം തെറ്റിയുള്ള മഴയുമാണു കര്‍ഷകരെ വെട്ടിലാക്കിയത്‌. അപൂര്‍വം ചില കാപ്പികളില്‍ മാത്രമായിരുന്നു ഇത്തവണ ഉത്‌പാദനം. പഴുത്തു വിളവെടുക്കാറായ കാപ്പിക്കുരു ഈ ദിവസങ്ങളിലെ മഴയെത്തുടര്‍ന്നു കൊഴിഞ്ഞു വീഴുന്നതാണു കര്‍ഷകര്‍ നേരിടുന്ന പ്രധാന തിരിച്ചടി. വയനാട്ടില്‍ ഒരു കിലോ കാപ്പിക്കുരുവിന്റെ (പരിപ്പ്‌) വില കഴിഞ്ഞ ദിവസം 400 പിന്നിട്ടിരുന്നു. ജില്ലയില്‍ തൊണ്ടോടുകൂടിയ കാപ്പിക്കുരുവാണ്‌ വില്‍ക്കുന്നത്‌. നിലവില്‍, 238 രൂപയ്‌ക്കു വരെ കാപ്പിക്കുരു വ്യാപാരികള്‍ എടുക്കുന്നുണ്ട്‌. ഇന്നും നാളെയുമായി വില 250 രൂപയിലെത്തുമെന്നാണ്‌ സൂചനകള്‍. ആഗോളതലത്തില്‍ അവധി വില കുത്തനെ കൂടുന്നുണ്ടെങ്കിലൂം ജില്ലയിലെ വ്യാപാരികള്‍ ഉള്‍പ്പെടെ മനപൂര്‍വം വില ഉയര്‍ത്താതിരിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു ദിവസം മാത്രം എത്തിയ 240 രൂപയായിരുന്നു നിലവിലെ റെക്കോര്‍ഡ്‌ വില. കുരുവിനു വര്‍ധിക്കുന്നതിന്റെ ഇരട്ടിയിലേറെ നിരക്കിലാണ്‌ കാപ്പിപ്പൊടി വിലയിലെ വര്‍ധന. നിലവില്‍, മിക്ക കമ്ബനികളുടെയും പൊടിവില 700 രൂപയായിരുന്നു. ചില കമ്ബനികള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വിലയിലും വില്‍ക്കുന്നുണ്ട്‌. ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്‌ 150-200 രൂപ. രണ്ടും, മുന്നൂം വര്‍ഷം മുമ്ബ്‌ 60-90 രൂപ നിരക്കില്‍ ശേഖരിച്ചു ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന കാപ്പിക്കുരുവാണു മിക്ക കമ്പനികളും ഇപ്പോള്‍ പൊടിയാക്കി വില്‍ക്കുന്നത്‌. വില വര്‍ധിച്ചതോടെ വന്‍തോതില്‍ കാപ്പിപ്പൊടിയില്‍ കൃത്രിമം നടക്കുന്നതായും ഉപയോക്‌താക്കള്‍ക്കു പരാതിയുണ്ട്‌. കാപ്പി ഉത്‌പാദനത്തില്‍ മുന്നിലുള്ള ബ്രസീലിലെയും വിയറ്റ്‌നാമിലെയും തകര്‍ച്ചയാണു വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ആഭ്യന്തര ഉത്‌പാദനം കുറഞ്ഞതും കാരണമാണ്‌. ജില്ലയില്‍ വിളവെടുപ്പ്‌ സമയമാണിപ്പോള്‍. മുന്‍ വര്‍ഷത്തേതിന്റെ അഞ്ചിലൊന്ന്‌ പോലും ഇത്തവണ ഉത്‌പാദനമില്ലെന്നു കര്‍ഷകര്‍ പറയുന്നു.സാധാരണ കാപ്പി പൂക്കുന്ന നേരങ്ങളില്‍ ചെറിയ മഴ ലഭിക്കുകയും ഉത്‌പാദനം വര്‍ധിക്കുകയും ചെയ്‌തിരുന്നു. ഇത്തവണ പൂക്കള്‍ ഉണങ്ങി നശിച്ചതിനാല്‍ ഉത്‌പാദനം കുറഞ്ഞു. ജില്ലയില്‍, കാപ്പി മാത്രമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇല്ല. എന്നാല്‍, റബറിനും മറ്റും ഇടവിളയായി കൃഷിചെയ്യുന്നവര്‍ നിരവധിയുണ്ട്‌.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user