കാൻസർ എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ ലോകമെമ്പാടുമുള്ളവർക്ക് പ്രതീക്ഷ നല്‍കുന്ന സുപ്രധാന മുന്നേറ്റവുമായി റഷ്യ. 2025 ൻ്റെ തുടക്കത്തില്‍ പുറത്തിറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ എംആർഎൻഎ കാൻസർ വാക്സിൻ റഷ്യ വികസിപ്പിച്ചെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വാക്സിൻ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം കാൻസർ ചികിത്സാ രംഗത്ത് ഒരു പുതിയ അധ്യായം തുറക്കുകയാണ്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കല്‍ റിസർച്ച് സെൻ്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഈ സുപ്രധാന വിവരം ലോകത്തെ അറിയിച്ചത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വാക്സിൻ കാൻസർ ചികിത്സയില്‍ ഒരു നിർണായക വഴിത്തിരിവാകും. പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ട്യൂമർ വളർച്ചയും മെറ്റാസ്റ്റാസിസും (കാൻസർ പടരുന്നത്) തടയുന്നതില്‍ ഈ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഗമാലേയ നാഷണല്‍ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻ്റ്സ്ബർഗ് പറയുന്നു. പുതിയ തലമുറ കാൻസർ വാക്സിനുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും കണ്ടുപിടിക്കുന്നതിന് തങ്ങള്‍ വളരെ അടുത്താണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം ആദ്യം പ്രസ്താവിച്ചിരുന്നു. ഈ വാക്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസിൻ്റെ (എഐ) സഹായത്തോടെ കാൻസർ വാക്സിൻ നിർമ്മാണ പ്രക്രിയ മണിക്കൂറുകള്‍ക്കുള്ളില്‍ പൂർത്തിയാക്കാൻ കഴിയും എന്നതാണ്. നിലവില്‍, ഒരു കാൻസർ വാക്സിൻ നിർമ്മിക്കാൻ വളരെയധികം സമയവും പരിശ്രമവും ആവശ്യമായിരുന്നു. സങ്കീർണമായ ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ ഈ പ്രക്രിയയെ വളരെ ദൈർഘ്യമേറിയതാക്കി മാറ്റിയിരുന്നു. എന്നാല്‍, എഐ-യുടെ സഹായത്തോടെ, പ്രത്യേകിച്ച് ന്യൂറല്‍ നെറ്റ്‌വർക്ക് കബ്യൂട്ടിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഈ പ്രക്രിയയെ വെറും 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ ചുരുക്കാൻ കഴിയുമെന്ന് വാക്സിൻ വിദഗ്ധർ പറയുന്നു. ഇത് കാൻസർ ചികിത്സയില്‍ ഒരു വലിയ മുന്നേറ്റമാണ്. കാൻസർ ചികിത്സയില്‍ വാക്സിനുകളുടെ പങ്ക് വളരെ വലുതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും അവയെ നശിപ്പിക്കാനും പ്രതിരോധ സംവിധാനത്തെ വാക്സിനുകള്‍ സഹായിക്കുന്നു. ചികിത്സാ കാൻസർ വാക്സിനുകള്‍ ട്യൂമർ കോശങ്ങളുടെ പ്രോട്ടീനുകളെയോ ആൻ്റിജനുകളെയോ പ്രത്യേകം ലക്ഷ്യമിടുന്നു. ഇത് ട്യൂമറിനെ നശിപ്പിക്കാൻ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുന്നു. കൂടാതെ, എച്ച്‌പിവി വാക്സിൻ പോലുള്ള പ്രതിരോധ വാക്സിനുകള്‍ വൈറസുമായി ബന്ധപ്പെട്ട കാൻസറുകള്‍ തടയാൻ സഹായിക്കുന്നു. റഷ്യയുടെ ഈ പുതിയ കണ്ടുപിടുത്തം കാൻസർ രോഗികള്‍ക്ക് ഒരു പുതിയ പ്രഭാതത്തിന് വഴി തെളിയിക്കുമെന്നും, കാൻസർ എന്ന മഹാവിപത്തിനെ മാനവരാശിക്ക് എന്നന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ലോകം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക