പത്തനംതിട്ട : ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മക്കളുമായി കടന്നു. മൈലപ്ര കോട്ടമലയില്‍ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭർത്താവ് തിരുവനന്തപുരം സ്വദേശി വിവിലിനായി (30) പൊലീസ് തെരച്ചില്‍ തുടങ്ങി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. വർഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താല്‍ പത്തു മാസം മുൻപ് അശ്വതി മക്കളെയും അമ്മയെയും കൂട്ടി മൈലപ്രയില്‍ വാടകയ്ക്കുതാമസിക്കുകയായിരുന്നു. രണ്ടുമാസത്തിനുശേഷം വിവില്‍ ബന്ധുക്കളുമായി എത്തി കുടുംബപ്രശ്നം പറഞ്ഞുതീർത്തു. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഒന്നരയാഴ്ച മുമ്ബ് ഇരുവരും തമ്മില്‍ വീണ്ടും തർക്കമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മദ്യപിച്ചശേഷം വീട്ടിലെത്തിയ വിവില്‍ വീടിന്റെ ജനലും കതകും തല്ലിത്തകർക്കാൻ ശ്രമിച്ചു. തുടർന്ന് അശ്വതി പത്തനംതിട്ട വനിതാ സെല്ലില്‍ പരാതി നല്‍കി. ഇരുവരെയും ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ വിവില്‍ എത്തി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അശ്വതിയെ മുറിയിലേക്ക് വിളിച്ച് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. എട്ടും മൂന്നും വയസുള്ള കുട്ടികളുമായാണ് വിവില്‍ മുങ്ങിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക