Tuesday, 8 October 2024

ഹോട്ടൽ അടച്ചുപൂട്ടല്‍ വ്യാപകം, വില കൂട്ടി മറ്റൊരു വിഭാഗം ഇതോടെ സാധാരണക്കാര്‍ കയ്യൊഴിയുന്നു

SHARE


പാലക്കാട്: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍.

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് നിലവില്‍ 1740 രൂപ നല്‍കണം. തുടര്‍ച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന് വില ഉയരുന്നത്. സിലിണ്ടറിന് പുറമേ മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും പച്ചക്കറികള്‍ക്കുമെല്ലാം അനുദിനം വില ഉയരുകയാണ്.

മൈദ ഒരു ചാക്കിന് 2200 രൂപയാണ് വില. ഉപഭോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലെല്ലാം മൈദ ഒഴിച്ചുകൂടാനാവില്ല. വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ പച്ചക്കറികളെല്ലാം വിലവര്‍ദ്ധനവിന്റെ പാതയിലാണ്. ഇറച്ചിക്കും വില കൂടുന്നുണ്ട്. സ്ഥിതി തുടര്‍ന്നാല്‍ ഭക്ഷണ സാധനങ്ങള്‍ക്കു 30% വില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ എടുക്കുന്ന മേഖലയാണ് ഹോട്ടല്‍ വ്യവസായം.

വിലക്കയറ്റത്തിനനുസരിച്ച്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില കൂട്ടിയാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാലും ചെറിയ രീതിയില്‍ വില വര്‍ദ്ധിപ്പിച്ചാണ് പല ഹോട്ടലുകളും പിടിച്ചുനില്‍ക്കുന്നത്. വിഭവങ്ങള്‍ക്ക് വില കൂട്ടിയിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവരാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.

പാലക്കാട് നഗരം കേന്ദ്രീകരിച്ച്‌ ചെറുതും വലുതുമായി അറുന്നൂറോളം ഹോട്ടലുകളും റെസ്റ്റോന്റുകളുമാണുള്ളത്. ദിവസവും രണ്ടുമുതല്‍ അഞ്ചുവരെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ വരെയുണ്ട് നഗരത്തില്‍. വൈദ്യുത ബില്‍, വാട്ടര്‍ ബില്‍ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവര്‍ക്ക് വാടകയും കൂടി നല്‍കേണ്ടി വരുമ്ബോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

വില കൂട്ടിയാല്‍ കച്ചവടത്തെ ബാധിക്കും

നഗരങ്ങളില്‍ വില കൂട്ടുന്നതുപോലെ ഗ്രാമങ്ങളില്‍ വിഭവങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് കച്ചവടത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. അവശ്യവസ്തുക്കള്‍ക്കെല്ലാം പൊള്ളുന്ന വില വര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ഹോട്ടല്‍ വ്യവസായം ഏറെ വിഷമഘട്ടത്തിലാണെന്നാണ് വ്യാപാരികളുടെ പരാതി. വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തരണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ ഭരവാഹികള്‍ പറയുന്നു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user