Saturday, 19 October 2024

ഇനിമുതൽ ഇന്ത്യൻ വിമാനത്തിൽ അവർ ഉണ്ടാകും

SHARE


 സാധാരണ യാത്രക്കാരുടെ വേഷത്തില്‍ ഇന്ത്യൻ വിമാനങ്ങളിൽ ഇനി അവർ ഉണ്ടാകും

ന്യൂഡല്‍ഹി: രാജ്യത്ത് വിമാനങ്ങളുടേയും വിമാനയാത്രകളുടേയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുത്ത സെക്ടറുകളിലെ വിമാനങ്ങളുടെ യാത്രയില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്കൊപ്പം സുരക്ഷയ്ക്കായി ബ്ലാക് ക്യാറ്റ്‌സ് ഉണ്ടാകും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകളാകും യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകുക. സ്‌കൈ മാര്‍ഷലുകള്‍ എന്ന തരത്തിലാകും ഇവരുടെ നിയമനം നടപ്പിലാക്കുക.

രാജ്യത്ത് നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി പോലുള്ളവ അടുത്തകാലത്തായി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം. തിരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകള്‍ സുരക്ഷയൊരുക്കും. 

സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രോട്ടോകോള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബ്ലാക് ക്യാറ്റ്‌സ്, സ്‌കൈ മാര്‍ഷലുകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യൂണിഫോമില്‍ തോക്കുംപിടിച്ചായിരിക്കില്ല ഇവരുടെ ഡ്യൂട്ടി.

സാധാരണ യാത്രക്കാരെ പോലെയാകും സുരക്ഷാ ജീവനക്കാരും സഞ്ചരിക്കുക. ഒരാളോ രണ്ടു പേരോ ഒരു വിമാനത്തില്‍ ഉണ്ടാകും. അവരുടെ കയ്യില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയുധങ്ങള്‍ ഉണ്ടാകും. 

വിമാനം റാഞ്ചുന്നത് തടയാനുള്ള ചില ഉപകരണങ്ങളുമുണ്ടാകും. യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവരാകും സ്‌കൈ മാര്‍ഷലുകള്‍. 

ഇവരെ കുറിച്ച് വിമാനത്തിലെ യാത്രക്കാര്‍ക്ക് അറിവുണ്ടാവില്ല. പൈലറ്റ് ഇന്‍ കമാന്റിന് മാത്രമാണ് ഇവരെ തിരിച്ചറിയാനാകുക.

നിലവില്‍ എന്‍.എസ്.ജിക്ക് കീഴില്‍ 40 സ്‌കൈ മാര്‍ഷലുകളാണ് ഉള്ളത്. എണ്ണം 110 ആക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണം കൊണ്ടു വരുന്നത്. 

എയര്‍ ഇന്ത്യയുടെ മുംബയ്-ന്യൂയോര്‍ക്ക്, ഇന്‍ഡിഗോയുടെ മുംബയ്-റിയാദ്, തുടങ്ങി നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ഭീഷണി ഉയര്‍ന്നിരുന്നു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user