Tuesday, 8 October 2024

കാനഡയില്‍ വെയിറ്റര്‍ ജോലിക്കായി ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വഴിയോരത്ത് ക്യൂവില്‍, "ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ' എന്ന് സാമൂഹ്യമാധ്യമം .

SHARE

പുതിയൊരു ജോലിയും മെച്ചപ്പെട്ട ഭാവിയും തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പഠിക്കുന്നതിനൊപ്പം മെച്ചപ്പെട്ട വേതനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ കഴിയുമെന്നതു കൂടിയാണ് ഈ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹോട്ടലുകളിലെയും റെസ്റ്ററന്റുകളിലെയും വെയിറ്റര്‍ ജോലി മുതല്‍ വൃദ്ധസദനങ്ങളിലെ കെയര്‍ ഗിവര്‍ ജോലി വരെ ഇങ്ങനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹോട്ടലുകളിലെ വെയിറ്റര്‍ ജോലിയാണ് പാര്‍ട്ട് ടൈം ജോലികളിലെ മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ വെയിറ്റര്‍ ജോലിക്കായി കാനഡയിലെ ഒരു റെസ്‌റ്റൊറന്റിന് മുന്നില്‍ വഴിയോരത്ത് കാത്ത് നില്‍ക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നീണ്ട വരിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാനഡയിലെ ബ്രാപ്റ്റംണിലുള്ള തന്തൂരി ഫ്‌ളെയിം റെസ്റ്റൊറന്റിന് മുന്നിലാണ് ഈ നീണ്ട വരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെയിറ്റര്‍മാര്‍, സെര്‍വര്‍മാര്‍ എന്നിവരുടെ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയ 3000ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ വരിയിലുള്ളത്.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലഭ്യമായ തൊഴിൽ അവസരങ്ങളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ ദൃശ്യങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നത്. മേഘ് അപ്‌ഡേറ്റ് എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘ബ്രാംപ്റ്റണില്‍ പുതിയതായി തുറക്കുന്ന റെസ്റ്ററന്റിലെ വെയിറ്റര്‍, സെര്‍വര്‍ ജോലിയിലേക്കായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ഊഴം കാത്ത് നിൽക്കുന്ന 3000ല്‍ പരം വിദ്യാര്‍ഥികളുടെ(ഭൂരിഭാഗവും ഇന്ത്യന്‍) ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്നീ കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘‘ട്രൂഡോയുടെ കാനഡയില്‍ വലിയതോതിലുള്ള തൊഴിലില്ലായ്മയോ? വലിയ സ്വപ്‌നങ്ങളുമായി കാനഡയിലേക്കു പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഗൗരവമായി തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും’’ കാപ്ഷനില്‍ കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് നിരവധിപ്പേരാണ് ആശങ്ക രേഖപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം തലയ്ക്ക് മുകളിലുള്ളപ്പോള്‍ വിദേശത്തേക്ക് പോകാനുള്ള ശരിയായ സമയമല്ല ഇതെന്ന് ആളുകള്‍ മനസ്സിലാക്കണമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം, റെസ്റ്റൊറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയെന്നത് വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഒരു സാധാരണകാര്യമാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. അവര്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരു റെസ്റ്ററന്റില്‍ ജോലി ചെയ്യുന്നത് സ്വന്തം വരുമാനം കണ്ടെത്താനുള്ള ഒരു പാര്‍ട്ട് ടൈം ജോലിയാണ്. അതിനെ തൊഴിലില്ലായ്മ എന്ന് വിളിക്കരുതെന്ന് മറ്റൊരാള്‍ പറഞ്ഞു.

അതേസമയം, വിദ്യാര്‍ഥികളെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ‘‘കാനഡയില്‍ വലിയ സ്വപ്‌നം കാണുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് തുടക്കം ദുഷ്‌കരമായിരിക്കാം. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ തരണം ചെയ്ത് അവര്‍ ഒടുവില്‍ വിജയം നേടും,’’ ഒരു ഉപയോക്താവ് പറഞ്ഞു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user