വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ ലഭിച്ചിട്ട് 30 മുതൽ 50 വർഷം വരെയായെന്ന് മൊറോക്കോയിലെ കാലാവസ്ഥാ ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഹുസൈൻ യൂബെബ് പറഞ്ഞു. കാലാവസ്ഥാ നിരീക്ഷകർ ഈ പ്രതിഭാസത്തെ ഒരു എക്സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്നാണ് വിശേഷിപ്പിച്ചത്. ഇത് പ്രദേശത്തിൻ്റെ കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൊറോക്കോയിലെ വെള്ളപ്പൊക്കം കഴിഞ്ഞ മാസം 18 പേരുടെ ജീവൻ അപഹരിച്ചിരുന്നു. തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളുള്ള ജലസംഭരണികൾ സെപ്റ്റംബറിൽ വലിയ രീതിയിൽ വീണ്ടും നിറഞ്ഞതായി റിപ്പോർട്ടുണ്ട്. തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോ മീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ടാഗോനൈറ്റ് ഗ്രാമത്തിൽ 24 മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്ററിലധികം മഴയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ഒൻപത് ദശലക്ഷം ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് സഹാറ മരുഭൂമി. ഇവിടുത്തെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണികളാണ് ഉയർത്തുന്നത്. ഭാവിയിൽ ഈ മേഖലയിൽ തീവ്രതയുള്ള കൊടുങ്കാറ്റുകൾ ഇടയ്ക്കിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V