Wednesday, 9 October 2024

വ്യാജരേഖകള്‍ കൊണ്ട് എടുത്ത 1.77 കോടി മൊബൈല്‍ കണക്ഷന്‍ വിഛേദിച്ചു; 45 ലക്ഷം സ്പാം കോളുകളും തടയാനായി' : കേന്ദ്രസര്‍ക്കാര്‍

SHARE


ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജരേഖകള്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷനുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരെ വ്യാപക നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. വ്യാജരേഖ ചമച്ച് എടുത്ത 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ വിഛേദിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നാല് ടെലികോം സേവനദാതാക്കള്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെ 45 ലക്ഷം സ്പാം അന്താരാഷ്ട്ര കോളുകള്‍ (spfooed international calls) ഇന്ത്യന്‍ ടെലികോം നെറ്റ്‌വര്‍ക്കിലേക്ക് എത്തുന്നത് തടയാനും കഴിഞ്ഞു.

സ്പാം കോളുകള്‍ ഇന്ത്യന്‍ ടെലികോം സബ്‌സ്‌ക്രൈബേഴ്‌സില്‍ എത്തുന്നതിന് മുമ്പ് അവയെ തിരിച്ചറിയാനും തടയാനുമായി കേന്ദ്ര ടെലികോം മന്ത്രാലയം നൂതന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കോളുകള്‍ ഇല്ലാതാക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനം ഉടനെത്തുമെന്നും ടെലികോം മന്ത്രാലയം അറിയിച്ചു

സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ചിരുന്ന 33.48 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ കേന്ദ്രം റദ്ദാക്കി. 49,930 മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും മന്ത്രാലയം ബ്ലോക്ക് ചെയ്തു.

വ്യക്തിഗത ഉപയോഗപരിധി ലംഘിച്ചതിന് 77.61 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കി. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2.29 ലക്ഷം കണക്ഷനുകളും റദ്ദാക്കിയവയില്‍പ്പെടുന്നു.

മോഷ്ടിക്കപ്പെട്ടതായോ നഷ്ടപ്പെട്ടതായോ റിപ്പോര്‍ട്ട് ചെയ്ത 21.03 ലക്ഷം മൊബൈല്‍ ഫോണുകളില്‍ 12.02 ലക്ഷം ഫോണുകള്‍ കണ്ടെത്തി. അതോടൊപ്പം വ്യാജരേഖകള്‍ ഉപയോഗിച്ച്, വിഛേദിച്ച മൊബൈല്‍ കണക്ഷനുമായി ബന്ധിപ്പിച്ചിരുന്ന 11 ലക്ഷത്തോളം അക്കൗണ്ടുകള്‍ ബാങ്കുകളും പേയ്‌മെന്റ് വാലറ്റുകളും മരവിപ്പിച്ചു. വിഛേദിക്കപ്പെട്ട മൊബൈലുകളിലെ വാട്‌സ് ആപ്പ് അക്കൗണ്ടുകളും ഇതോടെ പ്രവര്‍ത്തനരഹിതമാകും.

ഏകദേശം 71000 സിം ഏജന്റുമാരെ ടെലികോം മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 365 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user