Saturday, 14 September 2024

ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക്

SHARE


കോഴിക്കോട് : കോഴിക്കോടിന്‍റെ ഹൃദയമാണ് മിഠായി തെരുവ്. മിഠായി തെരുവിലെ വൈബ് ഒന്ന് വേറെ തന്നെയാണ്. ഓണമെത്തിയതോടെ മിഠായി തെരുവിന്‍റെ മൊഞ്ച് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. അരിയെറിഞ്ഞാൽ വീഴാത്തത്രയും ജനസഞ്ചയമാണ് രാപ്പകൽ വ്യത്യാസമില്ലാതെ മിഠായി തെരുവിലെത്തുന്നത്.
മിഠായി തെരുവ് തുടങ്ങുന്ന മാനാഞ്ചിറക്ക് മുന്നിലെ മിഠായി തെരുവിന്‍റെ കലാകാരനായ എസ് കെ പൊറ്റക്കാടിൻ്റെ പ്രതിമ മുതൽ എങ്ങും തിരക്കോട് തിരക്ക്. കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധി വന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.
ഈ തെരുവിലൂടെ നടന്ന് വിലപേശി സാധനങ്ങൾ വാങ്ങുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. അതുതന്നെയാണ് ഓരോ ഉത്സവകാലത്തും നാടിനെയാകെ മിഠായി തെരുവിലേക്ക് ആകർഷിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരികൾ വലിയ ആശങ്കയിലായിരുന്നു. എന്നാൽ അതൊന്നും മിഠായി തെരുവിലെ ഓണ വിപണിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. ഓണത്തിരക്ക് അത്തത്തിനു മുൻപേ തന്നെ മിഠായി തെരുവിൽ തുടങ്ങി കഴിഞ്ഞിരുന്നു.
കാഴ്‌ച കാണാൻ എത്തുന്നവരെ പോലും കടകളിലേക്ക് ആകർഷിക്കുന്ന 'വിളിച്ചു പറയൽ ടീംസും' മിഠായി തെരുവിൽ സജീവമാണ്. ചെരുപ്പുകളും വസ്ത്രങ്ങളും ഫാൻസി ഷോപ്പുകളും ഹൽവ കടകളും തുടങ്ങി എന്തും മിഠായി തെരുവിൽ ലഭിക്കും. മലബാറിന്‍റെ ഓണത്തെ കളറാക്കാൻ സുന്ദരിയായി മിഠായി തെരുവ് ഇത്തവണയും മുന്നിലുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user