പ്രകൃതിയുടെ ആഴങ്ങളിലേക്ക് ഊളിയിടാൻ നാട് കാത്തുവെച്ച ജലപാതങ്ങൾ ഇതാ ഇവിടെയാണ്. നിങ്ങളുടെ അടുത്ത അവധി ദിനം ഇവിടെ ചെലവഴിക്കാം. നിത്യഹരിത പ്രകൃതിദൃശ്യങ്ങളും ആനന്ദകരമായ കാലാവസ്ഥയും കൊണ്ട് എല്ലാ തരം സഞ്ചാരികളുടെയും ദാഹം ശമിപ്പിക്കുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വണ്ണപ്പുറം. ചുറ്റുവട്ടത്ത് ആനയാടിക്കുത്തും തൊമ്മൻകുത്തും അടക്കമുള്ള വെള്ളച്ചാട്ടങ്ങൾ.വൈകാരികവും ശാരീരികവുമായ മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താൻ ആവശ്യമായ മാന്ത്രികന്തരീക്ഷവും സമാനതകളില്ലാത്ത ശാന്തതയുമാണ് ഇവിടം സമ്മാനിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എണ്ണമറ്റ ഓപ്ഷനുകളുണ്ടിവിടെ...
തൊമ്മൻകുത്ത്
ജില്ലയിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൊടുപുഴക്ക് സമീപത്തെ തൊമ്മന്‍കുത്ത്. നാടും നഗരവും കഴിഞ്ഞ് കാട്ടുവഴികളിലൂടെ ചെന്നുകയറുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം യഥാർഥത്തില്‍ ഒറ്റവെള്ളച്ചാട്ടമല്ല. എഴുനിലക്കുത്താണ്. നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരം. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ആനയാടിക്കുത്ത്
ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ആനയാടിക്കുത്ത് എന്നാണ്. അധികമാരും അറിയാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടമാണ് ആനയാടിക്കുത്ത്.തൊടുപുഴയിൽ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. വഴിയില്‍ ദിശാ ബോര്‍ഡുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇവിടെയെത്താന്‍ കുറച്ച് കഷ്ടപ്പാടുണ്ടെന്ന് മാത്രം. പ്രദേശവാസികളോട് വഴി തിരക്കി വേണം എത്താന്‍. തൊമ്മന്‍കുത്ത് ഇക്കോ ടൂറിസം പോയന്റിലേക്ക് എത്തുന്നതിന് ഏതാനും കിലോമീറ്റര്‍ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് ഓഫ് റോഡ് വഴി ചെങ്കുത്തായ കയറ്റം കയറി വേണം പാര്‍ക്കിങ് ഏരിയയിലേക്ക് എത്താന്‍.
കാറ്റാടിക്കടവ്
കാറ്റും കോടമഞ്ഞുമായി സഞ്ചാരികളെ സ്വീകരിക്കുന്ന വണ്ണപ്പുറത്തെ മറ്റൊരു ഇടമാണ് കാറ്റാടിക്കടവ്. കൃത്യമായ വഴിയില്ലാത്തതിനാല്‍ ഒരു ട്രക്കിങ്ങിന്റെ സുഖത്തില്‍ രണ്ടു കിലോമീറ്റർ നടന്ന് വേണം മുകളിലെത്താന്‍.സമുദ്ര നിരപ്പിൽ നിന്ന് മൂവായിരം അടി മുകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ രണ്ട് മലകളാണുള്ളത്. അതില്‍ ആദ്യമെത്തുന്ന മലയാണ് കാറ്റാടിക്കാവ്. മുനിയറകളാണ് ഇവിടുത്തെ ആകര്‍ഷണം. അവിടുന്ന് പിന്നെയും പോയാല്‍ മരതകമലയിലെത്താം. ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, ഭൂതത്താൻ അണക്കെട്ട് തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് കാണാന്‍ സാധിക്കും.തൊടുപുഴയിൽ നിന്ന് 24 കിലോമീറ്റർ ദൂരമുണ്ട്. തൊടുപുഴ-വണ്ണപ്പുറം-മുണ്ടൻമുടി വഴി കാറ്റാടി കടവ് എത്താം. മൂവാറ്റുപുഴ-വണ്ണപ്പുറം-മുണ്ടൻമുടി വഴിയും കാറ്റാടികടവിലെത്താം. വണ്ണപ്പുറത്ത് നിന്നും ഇവിടേക്ക് എട്ടു കിലോമീറ്റർ ദൂരമുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക