സഞ്ചാരികളെ കാത്ത് നിരാശയിൽ വയനാട്
കൽപ്പറ്റ: ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് വയനാടിന്റെത്. അതിഥികളായി എത്തുന്നവരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങുന്നതും. പക്ഷേ ഈ പ്രാവശ്യം വയനാട്ടുകാർ അതിഥികളെ കാത്തിരുന്ന് നിരാശരാകുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണം കുറയുകയാണ്. . ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ടാക്സി ഡ്രൈവർമാർ വാഹനങ്ങളും പാർക്ക് ചെയ്ത് ഓരോ നിമിഷവും കാത്തിരിക്കുന്നു. ഹോട്ടലുകളും ഹോം സ്റ്റേകളും ആളൊഴിഞ്ഞ് കിടക്കുന്നു. മഴ പെയ്ത് പായൽ പിടിച്ച് പാർക്കുകളും വിനോദ കേന്ദ്രങ്ങളും. എല്ലാം ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിൽ ആറു മാസത്തോളമായി ജില്ലയിലെ ടൂറിസം മേഖല ദുരിതം തള്ളി നീക്കുന്നു. തട്ടുകട നടത്തുന്നവർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകാർ വരെ കടുത്ത നിരാശയിലാണ്. ഉരുൾപൊട്ടലിൽ മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ മാത്രമാണ് തകർന്നതെങ്കിലും വയനാട് മുഴുവനും ദുരന്തമേഖലയായി എന്ന തരത്തിലാണ്. ജില്ലയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലുണ്ടായ തിരിച്ചടിയാണ് ഇപ്പോൾ ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധി. ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആളുകൾക്ക് താൽക്കാലിക വീടും അത്യാവശ്യം സൗകര്യങ്ങളുമായി. പുനരധിവാസത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഉരുൾപൊട്ടലിന് പിന്നാലെ തകർന്നുപോയ ടൂറിസം മേഖലയെ തിരിച്ചുപിടിക്കാൻ കാര്യമായ യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കഴിഞ്ഞ ഫെബ്രുവരി മുതൽ അടഞ്ഞു കിടക്കുകയാണ്. വേനലവധിക്കാലത്ത് ടൂറിസം മേഖലയിൽ 50 ശതമാനത്തോളം ഇടിവാണുണ്ടായത്. ഓണക്കാലത്ത് പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോളാണ് ഉരുൾപൊട്ടൽ ദുരന്തം.
കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വയനാട്ടിൽ ഒറ്റ കേന്ദ്രം പോലും തുറക്കാൻ സാധിക്കുന്നില്ല. സർക്കാർ അടിയന്തര പ്രാധാന്യം നൽകിയാൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറക്കാൻ സാധിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽ പതറിപ്പോയ ജില്ലയെ വീണ്ടും സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ ടൂറിസം മേഖലയിൽ ശക്തമായ ഇടപെടൽ നടത്തിയേ മതിയാകൂ എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക