Thursday, 5 September 2024

സാമ്പത്തിക ക്രമക്കേട്; തപാല്‍ വകുപ്പ് ഉദ്യോഗസ്ഥയ്ക്കും ഏജന്‍റിനും കഠിന തടവും പിഴയും

SHARE


പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടിന് തപാല്‍ വകുപ്പ് ഉദ്യോഗസ്ഥയ്‌ക്കും ഏജന്‍റിനും ആറ് വര്‍ഷം വരെ കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. നാഷണല്‍ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന എംസി ശാന്തകുമാരി അമ്മ, കോന്നി പോസ്‌റ്റ് ഓഫിസിലെ സ്‌റ്റാന്‍ഡേര്‍ഡെസ് ഏജന്‍റ് സിസ്‌റ്റത്തിലെ ഏജന്‍റായിരുന്ന സി കെ മുരളീധരന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
2005-2006 കാലഘട്ടത്തില്‍ കോന്നി പോസ്‌റ്റ് ഓഫിസില്‍ ഏജന്‍റായി പ്രവര്‍ത്തിച്ച് വന്ന സി കെ മുരളീധരനും എം സി ശാന്തകുമാരി അമ്മയും ചേര്‍ന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച്‌ 9,400 രൂപ വെട്ടിപ്പ് നടത്തിയ കേസിലാണ് കോടതി നടപടി. ഒന്നാം പ്രതിയായ സികെ മുരളീധരന് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവും 20,000 പിഴയും രണ്ടാം പ്രതിയായ എംസി ശാന്തകുമാരി അമ്മയ്ക്ക് വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്.
പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്‌പി ആയിരുന്ന വി അജിത് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഡിവൈഎസ്‌പിമാർ ആയിരുന്ന പിഡി രാധാകൃഷ്‌ണപിള്ള, സജി എന്നിവര്‍ അന്വേഷണം നടത്തുകയും ഡിവൈഎസ്‌പി ചാര്‍ജ് വഹിച്ചിരുന്ന റെജി എബ്രഹാം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user