Thursday, 5 September 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വനിതാ ജഡ്‌ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

SHARE


ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിത ജഡ്‌ജി അടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ കേൾക്കുകയെന്ന് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജസ്‌റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ ,സി.എസ് സുധ എന്നിവരാണ് ജഡ്‌ജിമാർ.
ഓഗസ്‌റ്റ് 29നാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ തീരുമാനമായത്. ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് എടുത്ത തീരുമാനപ്രകാരം ഹൈക്കോടതി രജിസ്ട്രാർ ഇന്ന് ഉത്തരവിറക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് പൊതുതാൽപ്പര്യ ഹർജികളും ഇതേ ബെഞ്ചിന്‍റെ പരിഗണനയിൽ വരുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍മേലുള്ള വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കവെയായിരുന്നു പ്രത്യേക ബെഞ്ച് രൂപീകരിച്ചതായുള്ള ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ പ്രശ്‌നങ്ങളുണ്ടെന്ന് സജിമോൻ പാറയിൽ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ സമ്പൂർണ്ണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് നേരത്തെ നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഈ നിര്‍ദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടക്കം മൊത്തം നാല് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നിലവിലുള്ള ഹർജികളും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇനി വരാനിരിക്കുന്ന ഹർജികളും പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user