കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ച് റോഡിലൂടെ പത്ത് മീറ്റര്‍ വലിച്ചിഴച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായ സന്ദീപ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നംഗ്ലോയ് പ്രദേശത്ത് രാത്രികാല
പെട്രോളിങ്ങിനിടെയാണ് സംഭവം.
സിവില്‍ ഡ്രസില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ സന്ദീപ് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. പ്രദേശത്ത് മോഷണം വ്യാപകമാണെന്ന വിവരത്തെത്തുടര്‍ന്നാണ് സിവിലിയന്‍ വേഷത്തില്‍ സന്ദീപ് അന്വേഷണത്തിനെത്തിയത്. അപ്പോഴാണ് ഒരു വാഗണര്‍ അമിതവേഗതയില്‍ പോകുന്നത് സന്ദീപിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വേഗത കുറച്ച് പോകാന്‍ സന്ദീപ് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ അമിതവേഗത്തിലെത്തി സന്ദീപിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് സന്ദീപിനെയും ബൈക്കിനേയും റോഡിലൂടെ പത്ത് മീറ്ററോളം വലിച്ചിഴച്ചു.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടന്‍ തന്നെ സോണിയ ഹോസ്പിറ്റലിലേക്ക് എത്തിച്ചു. പിന്നീട് ഇദ്ദേഹത്തെ പഞ്ചിം വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സന്ദീപിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡിസിപി ജിമ്മി ചിറാം പറഞ്ഞു. ‘‘പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ഓടിച്ചിരുന്ന കാറും കണ്ടെത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്,’’ ഡിസിപി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V