Monday, 9 September 2024

നിലപാടിലുറച്ച് കേരളം

SHARE

മുല്ലപ്പെരിയാർ  വിഷയത്തിൽ പിന്തുണച്ച് ജല കമ്മീഷനും; തമിഴ്‌നാട് മുട്ടുമടക്കി



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിന് ആശ്വാസം നല്‍കുന്ന നടപടിയുമായി കേന്ദ്ര ജലക്കമ്മീഷന്‍. അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന നടത്തണം എന്ന കേരളത്തിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചു. തമിഴ്‌നാടിന്റെ വാദം തള്ളിയാണ് ജല കമ്മീഷന്റെ തീരുമാനം. 12 മാസത്തിനുള്ള പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാ പരിശോധന എന്നത്. ഇതിനാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ 18-ാ മത് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതി എന്നായിരുന്നു തമിഴ്നാടിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് സമിതി പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. സുരക്ഷാ പരിശോധന നടത്തിയിട്ടു മതി അറ്റകുറ്റപ്പണി എന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുകയായിരുന്നു. 2011 ലാണ് ഇതിന് മുന്‍പ് അണക്കെട്ടില്‍ ഒരു വിശദ പരിശോധന നടത്തിയത്.സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയായിരുന്നു അന്ന് പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്മാര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും ഇനി പരിശോധന നടത്തുക. ഇതില്‍ കേരളം കൂടി നിര്‍ദേശിക്കുന്ന അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും.



അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്‌നാടിന് 2014-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്‌നാട് ശ്രമം നടത്തിയത്. എന്നാല്‍ കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user